തിരുവനന്തപുരം: കാക്കിയിട്ടാല്‍ മനുഷ്യര്‍ നരാധമന്മാരാകുമോ. ചിലപ്പോള്‍ ആകുമെന്നതിന്റെ എത്രയെത്ര ഉദാഹരണങ്ങള്‍. എങ്കിലും ഒരു വികലാംഗകുടുംബത്തെ ദ്രോഹിക്കാന്‍ മാത്രം മനസ്സാക്ഷി നഷ്ടപ്പെട്ടവരായി കേരളാപോലീസ് മാറുമ്പോള്‍ സാംസ്കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും. തിരുവനന്തപുരം എ.ജി കോളേജിലെ അക്രമത്തിന്റെ പേരില്‍ പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്പിള്ളയും ഗൂഢസംഘവും നല്കിയ ലിസ്റ്റുമായി കോളേജിലെ വിദ്യാര്‍ത്ഥികളുടെ വീട് ചവിട്ടിത്തുറക്കുന്ന പോലീസ് തിരുവല്ലം കീഴേക്കൊല്ലവിളാകം വീട്ടില്‍ ഗോപിനാഥന് നായരോടും കുടുംബത്തോടും കാട്ടിയത് കൊടുംക്രൂരതയാണ്.
മൂന്നടിയില്‍ താഴെ ഉയരമുള്ള രോഗബാധിതനായ വികലാംഗനായ ഉയരമുള്ള ഗോപിനാഥന്‍നായരുടെയും വികലാംഗയായ ഗിരിജയുടെ രോഗബാധിതനും വികലാംഗനുമായ മകന് അരുണ്ഗോപിയെ കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിയാക്കി എന്നതുമാത്രമല്ല പോലീസ് ചെയ്തത്. അര്‍ദ്ധരാത്രി മതില്‍ചാടിക്കടന്ന് വാതില്‍ ചവിട്ടിത്തുറന്ന പോലീസ് മൂന്നുമണിക്കൂര്‍ വികലാംഗരായ മാതാപിതാക്കളുടെ മുന്നില്‍ സംഹാരതാണ്ഡവമാടി. ചൊവ്വാഴ്ചരാത്രി 12 മണിയോടെയാണ് ഒരുഎസ്ഐയുടെ നേതൃത്വത്തില്‍ 10 അംഗ സംഘം മതില്‍ച്ചാടിക്കടന്ന് വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നത്. പോലീസ് സംഘം രോഗബാധിതനായ ഗോപിനാഥന്നായരെയും ഗിരിജയെയും അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിലെ മുഴുവന്‍ സാധനസാമഗ്രികളും വലിച്ചെറിഞ്ഞ പോലീസ് അരുണ്‍ഗോപിയുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാര്‍ഡ്, കോളജ് ഐഡന്റിറ്റികാര്‍ഡ് തുടങ്ങി സകല സര്‍ട്ടിഫിക്കറ്റുകളും രേഖകളും ബലമായി എടുത്തുകൊണ്ടുപോയി.
സംഭവദിവസം അരുണ്‍ വൈകിട്ട് ബന്ധുവീടുവരെ പോയതിനാല്‍ പോലീസിന്റെ ക്രൂരപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെളുപ്പിന് മൂന്നുമണിവരെ വീട്ടില്‍ പോലീസിന്റെ താണ്ഡവമായിരുന്നു. രണ്ട് ഡിസ്ക്കുകളും തകരാറായ അരുണ്‍ഗോപി മൂന്നുവര്‍ഷമായി ചികിത്സയിലാണ്. നടക്കുമ്പോള്‍ മുടന്തുള്ള അരുണിന് വേദനമൂലം അല്പദൂരം നടക്കാന്‍പോലുമാവില്ല. ഇങ്ങനെയൊരു വിദ്യാര്‍ത്ഥിയെയാണ് പോലീസ് കള്ളക്കേസില്‍പ്പെടുത്തിയത്. ഏകമകന്റെ അസുഖംമൂലം മാനസികമായി തകര്‍ന്ന വികലാംഗദമ്പതികള്ക്ക് പോലീസ് വേട്ട നല്കിയ ആഘാതം ചില്ലറയൊന്നുമല്ല. നിര്‍ദ്ധനരായ ആരും ആശ്രയമില്ലാത്ത ഒരു വികലാംഗകുടുംബത്തെ ദ്രോഹിക്കാന്‍ പോലീസിന് അച്ചാരം നല്കിയ നരാധമന്മാരെ കണ്ണീര്‍കൊണ്ട് ശപിക്കുകയാണ് ഈ കുടുംബം.
പോലീസ് അതിക്രമം നടത്തിയ ഗോപിനാഥന്‍നായരുടെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സന്ദര്‍ശിച്ചു. എബിവിപി സംസ്ഥാന സംഘടനാസെക്രട്ടറി ഒ.നിധീഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ്, എബിവിപി ജില്ലാകണ്‍വീനര്‍ മനുപ്രസാദ് എന്നിവര്‍ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: