ന്യൂദല്‍ഹി: മന്ത്രിസ്ഥാനം സംബന്ധിച്ച അനുകൂല തീരുമാനമെടുക്കാതെ കേരളത്തിലേക്ക് മടങ്ങേണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും ഹൈക്കമാന്റ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് കൈമാറാന്‍ തയ്യാറാല്ലെന്ന എ ഗ്രൂപ്പ് നിലപാട് അംഗീകരിച്ച ഹൈക്കമാന്റ് റവന്യൂ വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന ഫോര്‍മുല സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മന്ത്രിസഭയിലെ രണ്ടാമനായി എത്തണമെന്ന നിര്‍ദ്ദേശം ചെന്നിത്തല അംഗീകരിക്കേണ്ടിവരുമെന്നാണ് എ ഗ്രൂപ്പ് നേതൃത്വം പറയുന്നത്. നേരത്തെ കേരളത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ഫോര്മുലയാണിതെങ്കിലും മുസ്ലിംലീഗിന്റേയും കേരളാ കോണ്‍ഗ്രസ്സിന്റേയും രൂക്ഷമായ എതിര്‍പ്പ് മൂലം നടക്കാതെ പോവുകയായിരുന്നു. ഘടകകക്ഷി നേതാക്കളെ അനുനയിപ്പിക്കുന്നതിനായി പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയുമായും സോണിയാഗാന്ധിയും എഐസിസി പ്രതിനിധികളും നാളെ ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഇന്ന് രാത്രി ദല്‍ഹിയിലെത്തും.
മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനായി വലിയ സമ്മര്‍ദ്ദമാണ് ചെന്നിത്തലയ്ക്ക് മേല്‍ ഹൈക്കമാന്റിനെ ഉപയോഗിച്ച് എ ഗ്രൂപ്പ് നടത്തുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം പ്രകടിപ്പിക്കുന്നതിനോടുള്ള പ്രധാന വിമുഖത നേരത്തെ നടന്നതുപോലെ കെപിസിസി പ്രസിഡന്റ് വീണ്ടും അപമാനിക്കപ്പെടുമോ എന്ന സംശയമാണ്. അതുകൊണ്ടു തന്നെ സോണിയാഗാന്ധി നേരിട്ട് ആവശ്യപ്പെടാതെ ഇതുസംബന്ധിച്ച നിലപാട് പരസ്യമാക്കേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാടും ഇതാണ്.
ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രിസ്ഥാനവും വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ റവന്യൂവകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രിസ്ഥാനം എങ്കിലും ലഭിക്കണമെന്ന നിലപാട് നേരത്തെ തന്നെ ഐ ഗ്രൂപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ വേണ്ട വിഷയമായതിനാല്‍ തീരുമാനം നീളുകയായിരുന്നു. ഇന്ന് ദല്‍ഹിയിലെത്തുന്ന ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയും എ.കെ.ആന്റണി,മുകുള്‍ വാസ്നിക്,അഹമ്മദ് പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏകദേശ ധാരണ ആയതിനു ശേഷം മാത്രമേ സോണിയാഗാന്ധി ഇടപെട്ടുള്ള ചര്‍ച്ച ഉണ്ടാകൂ. രമേശ് ചെന്നിത്തല ഇന്നലെ സോണിയാഗാന്ധിയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സമ്മര്‍ദ്ദതന്ത്രം തുടരാന്‍ തന്നെയാണ് എ.കെ.ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും ചെന്നിത്തല നിലപാടെടുത്തത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്റ് തീര്‍ക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്നങ്ങളില്‍ ചെന്നിത്തല സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതായി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മന്ത്രിസഭയ്ക്ക് പുറത്തു നില്ക്കുന്നതിനാല് ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും എ ഗ്രൂപ്പ് ഉന്നയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന ആവശ്യം ഹൈക്കമാന്റ് ഉന്നയിച്ചിരിക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: