കാസര്‍കോട്: പതിനാറു വയസ്സിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ചു സമഗ്ര പഠനം നടത്തി സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം ലിസ്സി ജോസ് പറഞ്ഞു. ഇതിനായി വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. വനിതാ കമ്മീഷന് അദാലത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ട് എത്തിയതായിരുന്നു അവര്‍. വനിതാ കമ്മീഷന് ശൈശവ വിവാഹം ഒരിക്കലും അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. വിവാഹം ചെയ്യുന്ന യുവാക്കള്‍ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലയിലും വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ക്ളാസ്സുകള്‍ സംഘടിപ്പിക്കും. കുടുംബ ജീവിതം, ഭാര്യാ-ഭര്‍തൃ ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ലാത്ത യുവാക്കള്‍ വിവാഹ ജീവിതത്തില്‍ പരസ്പരം മല്ലിടുന്ന സ്ഥിതി ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഈ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാതല, പഞ്ചായത്ത് മുന്‍സിപ്പല്‍തല ജാഗ്രതാ സമിതികള്‍ പുനസംഘടിപ്പിക്കുമെന്ന് ലിസ്സി ജോസ് പറഞ്ഞു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ്,അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായിട്ടുളള ജാഗ്രതാ സമിതികള്‍ അതാത് പ്രദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വേദിയായി മാറ്റും. പെണ്‍കുട്ടികളുടെ സ്വയം രക്ഷയ്ക്കുളള പരിശീലനം നല്‍കും.സമൂഹത്തിനു സ്ത്രീകളോടുളള മനോഭാവം മാറണം. സ്ത്രീയെ ഇന്നു വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന അവസ്ഥയുണ്ട്. നിയമനിര്‍മ്മാണത്തിലും നടപ്പാക്കുന്നതിനും സ്ത്രീ പ്രാതിനിധ്യം വേണം. മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ പഠിച്ചു അവ ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ചു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ലിസ്സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: