നീലേശ്വരം: നീലേശ്വരം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്ത്തപ്പെട്ടപ്പോള് സന്തോഷിച്ച നീലേശ്വരത്തുകാര്‍ക്ക് നിരാശ. നാടിണ്റ്റെ പൊതുവായ വികസനം, നാട്ടുകാര്‍ക്ക് ഒട്ടേറെ സൗകര്യങ്ങളും സൗജന്യങ്ങളും ഇതൊക്കെയായിരുന്നു പ്രതീക്ഷ. സ്ഥലപരിമിതി കൊണ്ട് വീര്‍പ്പ് മുട്ടുന്ന നഗരസഭ ഓഫീസ് കെട്ടിടത്തില്‍ കൗണ്‍സില്‍ യോഗം ചേരാന്‍ പോലും സൗകര്യമില്ല. തൊട്ടടുത്ത മൃഗാശുപത്രി കെട്ടിടത്തിലെ ഒന്നാം നിലയിലെ ഹാളിലാണ് നഗരസഭ കൗണ്‍സില്‍ യോഗം ഇപ്പോഴും ചേരുന്നത്. പ്രസ്തുത കെട്ടിടത്തില്‍ എത്തിച്ചേരണമെങ്കില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച കല്‍പ്പടവുകള്‍ കേറിയിറങ്ങണം. നഗരസഭ ഓഫീസിനായി നീലേശ്വരം രാജകൊട്ടാരം ഏറ്റെടുക്കാനുള്ള ശ്രമം ഒരുവര്‍ഷത്തിലേറെയായി നടന്നുവരുന്നു. കഴിഞ്ഞ രണ്ടുബജറ്റിലും ഇതിലേക്കായി തുക നീക്കിവെച്ചിരുന്നു. കൂട്ട് സ്വത്തായി രാജകൊട്ടാരം നില്ക്കുന്ന സ്ഥലത്തിണ്റ്റെ അവകാശികളില്‍ ചിലര്‍ അവരുടെ ഓഹരി വിറ്റതുസംബന്ധിച്ച് സ്ഥലം വാങ്ങിയ വ്യക്തി ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. സ്ഥലം പാര്ട്ടീഷന് ചെയ്യാന്‍ പറ്റില്ലെന്ന കീഴ്ക്കോടതി വിധിയെ തുടര്‍ന്നാണിത്. പൈതൃകസംരക്ഷ സമിതിയും നാട്ടുകാരും ഓട്ടേറെ സംഘടനകളും കൊട്ടാരം ഏറ്റെടുക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊട്ടാരം ഏറ്റെടുക്കല്‍ എളുപ്പമാവില്ല എന്നതാണ് വിദഗ്ധാഭിപ്രായം. നഗരസഭാ ഓഫീസിനായി നിലവിലുള്ള മുന്‍സിപ്പല്‍ ബസ്സ്റ്റാണ്റ്റ് കെട്ടിടം ഉപയോഗപ്പെടുത്താമെന്ന അഭിപ്രായത്തിന് നഗരസഭ വിലകല്‍പ്പിക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്ന പ്രസ്തുത കെട്ടിടത്തിണ്റ്റെ രണ്ടുനിലകള്‍ പരിഷ്കരിച്ചാല്‍ ഓഫീസ് കെട്ടിടത്തിന് പര്യാപ്തമാകും. ഗ്രാമപഞ്ചായത്തായിരിക്കെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചെറപ്പുറത്തെ മാലിന്യ സംസ്കരണ പ്ളാണ്റ്റ് ഇന്നും പ്രവര്‍ത്തന രഹിതമാണ്. നഗരസഭാ ഫണ്ടുപയോഗിച്ച് പ്ളാണ്റ്റിന് വന്മതിലും മറ്റുസൗകര്യങ്ങളും നിര്‍ബാധം ചെയ്തുവരുന്നുണ്ട്. സംസ്കരണം മാത്രം നടക്കുന്നില്ല. ലക്ഷങ്ങള്‍ ചെലവാക്കി ഒരുക്കിയ പ്ളാണ്റ്റ് നോക്കുകുത്തിയായി നില്ക്കുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നത് നഗരസഭ അറിയാറേയില്ല. പടന്നക്കാട് നഗരസഭയിലേക്ക് സ്വാഗതമാശംസിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡ് കടന്നാലുടന്‍ ദുര്‍ഗന്ധമാണ് ഏവരേയും എതിരേല്ക്കുക. നഗരസഭ അതിര്‍ത്തിക്കുള്ളിലെ ദേശിയപാതയോരം മറ്റുപ്രദേശങ്ങളില് നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. പേരോല്‍ എഫ്സി ഗോഡൗണിന് പരിസരത്ത് നഗരസഭ സ്ഥാപിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടം ഇപ്പോള്‍ സാമൂഹ്യ ദ്രോഹികളുടെ ആവാസകേന്ദ്രമാണ്. റെയില്‍വേ മേല്‍പ്പാലത്തിന് താഴെ നടുറോഡില്‍ വെച്ചുള്ള മത്സ്യവില്‍പ്പന തൊട്ടടുത്തുള്ള രണ്ടു ആശുപത്രികളെയും കാല്‍നടയാത്രക്കാരെയും വാഹനങ്ങളേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതിലും നഗരസഭയ്ക്ക് വിഷമമില്ല. കൊട്ടുമ്പുറും പ്രദേശത്തെ ഒഴുക്കുചാലിന് മേല്‍ സ്ഥാപിച്ച സിമണ്റ്റ് സ്ളാബുകള്‍ പൊട്ടിപ്പൊളിഞ്ഞ് നിരവധിയാത്രക്കാര്‍ക്ക് അപകടം സംഭവിച്ചിരിക്കുന്നു. മഴയ്ക്ക് മുന്നോടിയായി ഓവുചാലുകള്‍ വൃത്തിയാക്കുന്ന പരിപാടി ഇവിടെയില്ല. ഒഴുകാതെ കെട്ടിനില്‍ക്കുന്ന മാലിന്യങ്ങള്‍ കോരി റോഡ് വക്കില്‍ നിക്ഷേപിച്ചതുമൂലം വഴിയാത്രക്കാര്‍ക്ക് മൂക്ക് പൊത്താതെ നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒട്ടേറെ മുറവിളിക്കുശേഷം വേനല്ക്കാലത്തിണ്റ്റെ അവസാനത്തോടെ റിപ്പയര്‍ ചെയ്ത തൈക്കടപ്പുറം റോഡ് ആദ്യമഴയില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. സിപിഎമ്മിണ്റ്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണം കയ്യാളുന്ന നീലേശ്വരം നഗരസഭയില്‍ പ്രതിപക്ഷവും നിഷ്ക്രിയരാണ്. പക്ഷപാതപരമായ നീക്കം വികസനത്തിണ്റ്റെ കാര്യത്തില്‍ ഉണ്ടായാല്‍ പോലും ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘദൂരവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റെയില്‍ അധികൃതര്‍ക്ക് മുന്നില്‍ യഥാസമയം നിവേദനം നല്‍കാനോ നേതാക്കളെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനോ നഗരസഭയ്ക്ക് സാധിക്കാത്തതിലും പരക്കെ പരാതിയുണ്ട്. ജില്ലാ പഞ്ചായത്ത് നഗരസഭയുടെ പ്രവര്‍ത്തന പരിധിയില്‍പ്പെടുത്തിയ താലൂക്ക് ആശുപത്രിയില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലും നാട്ടുകാര്‍ വന്‍പ്രതിഷേധമുയര്‍ത്തി ആശുപത്രി ഗേറ്റ് പൂട്ടിയിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. നീലേശ്വരം നഗരസഭയെ ‘നരകസഭ’യെന്ന് അഭിസംബോധന ചെയ്തുകൊണ്ട് വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഭരണം മാറിയാല്‍ കാര്യങ്ങള്‍ നേരെയാകുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കില്ല. ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിണ്റ്റെ മാതൃക തന്നെയാണ് നീലേശ്വരത്തും നിലനിന്ന് വരുന്നത്. നിരാശയോടെയാണെങ്കിലും പ്രതീക്ഷ കൈവിടാതെ നീലേശ്വരത്തുകാര്‍ കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: