കൊല്ലം: സേവനം സമൂഹ്യപരിവര്ത്തനത്തിനുള്ള ശക്തമായ ഉപാധിയും പോരാട്ടവുമാണെന്ന് ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്. രാജ്യം സംഘര്‍ഷത്തിന്റെ മുനമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സാമൂഹ്യസേവാകേന്ദ്രത്തിന്റെ ശ്രീഗുരുജി പുരസ്കാരം ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധാര്‍മിക ശക്തികള്‍ ധാര്‍മികതയുടെ മുഖംമൂടിയണിഞ്ഞ് വാഴ്ച നടത്തുകയാണ്. അത്തരക്കാര്‍ക്ക് സേവനം അനധികൃത ധനസമ്പാദനത്തിനും അധികാരത്തിലേക്കുള്ള കുറുക്കുവഴിയും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനുമുള്ള ഉപാധിയുമാണ്. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ സംഘം ചേര്‍ന്ന് കൊള്ളയടിക്കുന്നു. അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹിമാലയം പോലും ഇടിഞ്ഞുവീഴുകയാണ്. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം സേവനം അതിന്റെ സഹജഭാവമാണ്. രാഷ്ട്രത്തെ വൈഭവത്തിലെത്തിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. അതിന് സമാജം ശക്തിശാലിയാകണം. സമാജത്തിന്റെ ശക്തി അളക്കപ്പെടേണ്ടത് ഏറ്റവും ദുര്‍ബലമായ ജനവിഭാഗത്തിലൂടെയാണ്. അതിനെ മറ്റുള്ളവര്‍ക്കൊപ്പം കരുത്തുറ്റതാക്കിയെടുക്കുക എന്ന ദൗത്യമാണ് സംഘം നിര്‍വഹിക്കുത്. സമാനതകളില്ലാത്ത ദേശീയനേതാവായിരുന്നു ഗുരുജി ഗോള്വര്ക്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. വിഭജനത്തിന്റെ ദുരിതകാലത്ത് അഭയാര്‍ത്ഥികളായി ഭാരതത്തിലേക്ക് ഒഴുകിയെത്തിയ സമൂഹത്തെ ആശ്വസിപ്പിച്ച ഏക ദേശീയനേതാവായിരുന്നു ഗുരുജി. സംഘനിരോധനത്തെ ചെറുത്തുതോല്‍പ്പിച്ച സത്യഗ്രഹം സമാനതകളില്ലാത്ത ആ നേതൃത്വത്തിന്റെ ഉദാഹരണമാണ്. ഗാന്ധിജിക്ക് പോലും സമാഹരിക്കാനാകാത്ത ജനശക്തിയാണ് ആ സത്യഗ്രഹത്തിലൂടെ ലോകം കണ്ടതെന്ന് എം.രാധാകൃഷ്ണന് പറഞ്ഞു. പുരസ്കാരസമര്‍പ്പണ സമ്മേളനം പുത്തൂര്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂള്‍ ചെയര്മാന് ഗോകുലം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യസേവാകേന്ദ്രം വൈസ് പ്രസിഡന്റ് പി.രമേശ്പ്രഭു അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് പുത്തൂര്‍ താലൂക്ക് സംഘചാലക് എം.രാമചന്ദ്രന്, സാമൂഹ്യസേവാകേന്ദ്രം സെക്രട്ടറി ആര്.വിശ്വനാഥകമ്മത്ത്, സേവാകേന്ദ്രം പ്രസിഡന്റ് ആര്.ബാഹുലേയന്, സെക്രട്ടറി എം.രജീഷ്കുമാര് എന്നിവര്‍ സംസാരിച്ചു. പി.കൃഷ്ണദാസ് സ്വാഗതവും ആര്.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: