ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
ദുരന്തത്തില്‍ ഇതുവരെ 73,000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആയിരം പേരെങ്കിലും അപകടത്തില്‍ മരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു.
എന്നാല്‍ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഇരുപതിനായിരത്തിലറെ പേര് മലഞ്ചെരിവുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണണ് വിവരം.
70 ഓളം മലയാളികള്‍ ദുരന്തസ്ഥലത്ത് കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.മലയാളികളെ ഇന്ന് സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെറാഡൂണിലെത്തിയ നോര്‍ക്ക പ്രതിനിധികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാത്രം പതിനായിരത്തോളെം പേരെയാണ് വിമാനത്തിലും ഹെലികോപ്റ്ററിലുമായി രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏതാണ്ട് 61 ഹെലികോപ്റ്ററുകളും, 12,000 സൈനികരെയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്.
വൈദ്യസഹായത്തിനായി ഡോക്ടര്‍മാരും സംഘത്തിലുണ്ട്. ഉത്തരാഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് ദല്‍ഹിയിലെത്തുന്നവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ലഭ്യമാക്കും. കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.
എന്നാല്‍ കനത്തമഴയെ തുടര്‍ന്ന് ബദരീനാഥ്, ഋഷികേശ്, ഉത്തര്പ്രയാഗ് എന്നീ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: