ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ മഹാപ്രളയത്തില്പ്പെട്ടവര്ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സമ്മതിച്ചു. വിവിധ കേന്ദ്ര ഏജന്‍സികളുടെ ഏകോപനമില്ലായ്മയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വൈകിയതിന്റെ കാരണമെന്നും ഷിന്‍ഡെ പറഞ്ഞു. ഹിമാലയന്‍ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും മൂന്നു ദിവസത്തിനുള്ളില്‍ രക്ഷപ്പെടുത്തി ദൗത്യം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും ദുരന്തമേഖലയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്നലെ നല്‍കിയിട്ടുണ്ട്.
നാല്‍പ്പതിനായിരത്തിലധികം തീര്‍ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളും. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കേദര്‍നാഥ്, പണ്ടുകേശ്വര്, ബദരീനാഥ് എന്നിവിടങ്ങളില്‍ തത്കാലിക പാലങ്ങള്‍ നിര്‍മിക്കും. തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായ നിലയില്‍ കണ്ടുകിട്ടിയ മൃതദേഹങ്ങള്‍ ഡിഎന്‍എ നിര്‍ണ്ണയത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം വിതച്ച തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍നിന്നും ഒരാഴ്ച കൊണ്ട് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയത് 50000 പേരെയാണ്. ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുന്നവരെ ഡെറാഡൂണിലെ ജോളിഗ്രാന്റ് എയര്‍പോര്‍ട്ടിലാണ് എത്തിക്കുന്നത്. ഇവിടെനിന്നും ട്രെയിനുകളില്‍ ദല്‍ഹിയിലെത്തിക്കും.
കേദാര്‍നാഥ് മേഖലയില്‍ ഇനിയും 8000 ജനങ്ങളും ബദരീനാഥില്‍ 5000 പേരും ഇനിയും രക്ഷപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ മാത്രം 1000 തീര്‍ത്ഥാടകരെ കേദാര്‍നാഥില്‍ നിന്നും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി.
ഇന്നു മുതല്‍ വീണ്ടും മഴ ആരംഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. വീണ്ടും മഴയുണ്ടായാല്‍ പുനരുദ്ധാരണം നടക്കുന്ന റോഡുകള്‍ വീണ്ടും തകരാന്‍ സാധ്യതയുണ്ട്. കൂടാതെ ഉരുള്‍പൊട്ടലുകളും ഉണ്ടായേക്കാം. ഇതു കണക്കിലെടുത്ത് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഉള്‍പ്പെടെ 60 ഹെലികോപ്റ്ററുകള്‍ രക്ഷാദൗത്യത്തിലുണ്ട്.
അതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും എത്താത്ത മേഖലകളിലുള്ള തീര്‍ത്ഥാടകര്‍ വിശപ്പും ദാഹവും മൂലം അവശരായിട്ടുണ്ട്. ഭക്ഷണം ലഭിക്കാതെ തീര്‍ത്ഥാടകര്‍ മരിച്ചതായും സൈന്യത്തിനു സംശയമുണ്ട്. കുടുങ്ങിക്കിടന്ന പ്രദേശങ്ങളില്‍ കൊള്ള നടന്നതായും രക്ഷപ്പെട്ടെത്തിയ തീര്‍ത്ഥാടകര്‍ പരാതിപറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തിനെതിരെ വ്യാപകമായ ജനരോഷമാണ് ദുരന്തമേഖലകളില്നിന്നും ഉയരുന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ കുടുംബം ദുരന്തമുണ്ടായിക്കഴിഞ്ഞ് എന്തു ചെയ്തുവെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ മോദുലാല് വര്‍മ്മ ചോദിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചു കൊണ്ടുപോകുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ഇന്നലെ ഉത്തരാഖണ്ഡിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിക്കുകയും ചെയ്തു.
അതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉത്തരാഖണ്ഡിലെ പ്രളയ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാരിന് അടിയന്തിര സഹായവും നല്‍കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: