ന്യൂദല്‍ഹി: വായുസേനക്ക് ഹെലികോപ്ടര്‍ വാങ്ങിയതിലെ അഴിമതിക്കു പിന്നാലെ നാവികസേന റഷ്യയില്‍നിന്ന് ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന് വകുപ്പുതല ഓഡിറ്റിംഗില്‍ കണ്ടെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട നിലവിലെ നയങ്ങള്‍ക്ക് വിരുദ്ധമായി ഇടനിലക്കാരില്നിന്നുമാണ് എഞ്ചിനുകള്‍ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. റൊസൊബോറന്‍ എക്സ്പോര്‍ട്ട് എന്ന റഷ്യന്‍ ആയുധ കമ്പനിയുടെ ഇടനിലക്കാരായ റൊസൊബോറന്‍ സര്‍വീസ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. 2005ല്‍ സ്ഥാപിതമായ കമ്പനിയാണ് ഇന്തോ-റഷ്യന്‍ സംയുക്തസംരംഭമായ റൊസൊബോറന്‍ സര്‍വ്വീസ് ലിമിറ്റഡ്.
കമോവ് കെഎ-31 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ക്കായി 21.48 കോടി രൂപ മുടക്കി പുതിയ നാല് എഞ്ചിനുകള്‍ വാങ്ങിയതാണ് വിവാദമാകുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കമ്പനിയുമായി നാവികസേന ഇടപാടു നടത്തിയതെന്നാണ് പരാതി. ഇടപാടുമായി ബന്ധപ്പെട്ട് 2012 ജൂണില്‍ പ്രതിരോധവകുപ്പ് ഓഡിറ്റിംഗില്‍ എതിര്‍പ്പുണ്ടായിരുന്നു. റൊസൊബോറന്‍ കമ്പനി നല്കിയ ബില്ലുകള്‍ ഓഡിറ്റിംഗ് വിഭാഗം തടഞ്ഞുവയ്ക്കുകയും ചെയ്തു.
റൊസൊബോറന്‍ കമ്പനിയുമായി നാവികസേനാ ഉദ്യോഗസ്ഥര്‍ തുറമുഖം വിട്ടശേഷം കപ്പലില്‍ വെച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയത്. ഇതു പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടന്നിരിക്കുന്നത്. ഇടനിലക്കാരായ റൊസൊബോറന്‍ സര്‍വ്വീസ് ലിമിറ്റഡിനെ സേവനനികുതിയില്‍ നിന്നും ഒഴിവാക്കാനാണ് ഇത്തരത്തില്‍ കടലില്‍വെച്ച് ഇടപാട് നടത്തിയത്.
ഇതുവഴി 83 ലക്ഷം രൂപയുടെ നികുതി തട്ടിപ്പ് റൊസൊബോറന്‍ ലിമിറ്റഡ് നടത്തിയതായി കാണിച്ച് സേവന നികുതി വകുപ്പ് 2013 ജനുവരി 14ന് നാവികസേനാ മേധാവിക്ക് കത്ത് നല്‍കിയിരുന്നു. രാജ്യത്തിനു നഷ്ടം വന്ന തുക നാവികസേന നല്‍കണമെന്നും സേവന നികുതി വിഭാഗം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സേവന നികുതി വകുപ്പിന്റേയും സിഎജിയുടേയും നിരീക്ഷണത്തിലായിരുന്നു റൊസൊബോറന്‍ സര്‍വ്വീസ് ലിമിറ്റഡ് എന്നാണ് അറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം ആരംഭിച്ചു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് സിബിഐ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ രേഖകളും ഇടപാടിന്റെ അനുമതിപത്രവും ഉടന്‍ സമര്‍പ്പിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
യുപിഎ സര്‍ക്കാരിന്റെ പ്രതിരോധ നയങ്ങള്‍ക്കു വിരുദ്ധമായി നടന്ന ഇടപാട് സര്‍ക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും വീണ്ടും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി ടെണ്ടര്‍ ക്ഷണിച്ചുകൊണ്ടു നേരിട്ടു മാത്രമേ ആയുധ ഇടപാടുകള്‍ നടത്തൂ എന്ന പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കുകളാണെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. 2009ലെ പ്രതിരോധ ഇടപാടുകള്‍ക്കുള്ള മാര്‍ഗ്ഗരേഖയുടെ നഗ്നമായ ലംഘനം കൂടിയാണിത്. 2005ലെ പൊതു സാമ്പത്തിക ചടങ്ങളുടേയും ലംഘനം നടന്നിട്ടുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: