പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അന്നദാനത്തിന് ആവശ്യമായ പച്ചക്കറി ഉല്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. റാന്നി പെരുനാട് കൃഷിഭവന്റെ സഹായത്തോടെ കൂനംകര ശബരി ശരണാശ്രമത്തില്‍ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയില്‍ നിന്നും കിട്ടുന്ന വിളകള്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള അന്നദാനത്തിനായി ഉപയോഗിക്കും. കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ നേരിട്ട് അന്നദാന കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ്. സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അടുത്ത മണ്ഡലകാലത്ത് നടക്കുന്ന അന്നദാന കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കേരള വെറ്റിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സര്‍ ഡോ.ബി.അശോക് നിര്‍വഹിച്ചു. പച്ചക്കറി ഗ്രാമപദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം പ്ലാന്റേഷന് കോര്പറേഷന് ചെയര്മാന് ഡോ.വര്‍ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീകല കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ട്രസിജോസഫ്, കൃഷി ഓഫീസര്‍ ജി.ബൈജു എന്നിവര്‍ പ്രസംഗിച്ചു. ആശ്രമം സെക്രട്ടറി കുമ്മനം രാജശേഖരന് സ്വാഗതവും എന്‍.ജി രവീന്ദ്രന് നന്ദിയും പറഞ്ഞു.
ശബരിമലയില്‍ എത്തുന്ന കോടികണക്കിന് അയ്യപ്പന്മാരുടെ ഭക്ഷണപ്രശ്നം പരിഹരിക്കുന്നതിനാണ് ശബരിമല അയ്യപ്പസേവാ സമാജം കേരളത്തിലുടനീളം 50 അന്നദാന കേന്ദ്രങ്ങള്‍ അരംഭിച്ചത്. ഇപ്പോഴത്തെ കൃഷിയില്‍ തക്കാളി, ചീനി, വെള്ളരി, പാവയ്ക്ക, കുമ്പളങ്ങ, പയര്‍ തുടങ്ങിയവയാണ് വിളയിച്ചത്. ശബരിമല അന്നദാന കേന്ദ്രത്തിന്റെ ചുമതലയുള്ള കൃഷ്ണമൂര്‍ത്തി ഗുരുസ്വാമിയാണ് പച്ചക്കറി വിളകള്‍ ഏറ്റു വാങ്ങിയത്. സാധാരണ തമിഴ്നാട്ടിലുള്ള കൃഷി കേന്ദ്രങ്ങളില്‍ നിന്നാണ് പച്ചക്കറി ശബരിമലയില്‍ കൊണ്ടു വരാറുള്ളത്. ഇതിന് മൂന്ന് നാല് ദിവസങ്ങള്‍ വേണ്ടി വരും. അപ്പോഴേക്ക് നല്ലൊരു പങ്ക് പച്ചക്കറി ഉപയോഗ ശൂന്യമായിപ്പോകാറുണ്ട്. അന്നദാന കേന്ദ്രങ്ങളില്‍ ആവശ്യമായ പച്ചക്കറി വിളവെടുത്താല്‍ ഉടന്‍ തന്നെ എത്തിച്ചു കൊടുക്കാനും ഒട്ടും കേട് സംഭവിക്കാത്ത പച്ചക്കറി ഉപയോഗിക്കാനും ഈ പദ്ധതി മൂലം കഴിയും. ഇപ്പോഴത്തെ വിളവെടുപ്പ് വഴി അര ടണ്‍ പച്ചക്കറി അന്നദാനത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: