പെരുമ്പാവൂര്‍: സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശിനി സരിത. എസ് നായരുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
മറ്റ് കേസുകള്‍ സരിതയ്ക്കെതിരെ നിലവിലുണ്ടെന്നും കേസുകള്‍ ഗൗരവമുള്ളതാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജൂണ്‍ മൂന്നിന് സരിതാനായര്‍ അറസ്റ്റിലായത്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സരിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വിവിധ ജില്ലകളിലായി 13 കേസുകളാണ് സരിതയ്ക്കെതിരേ നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.
അതിനിടെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ സരിതയ്ക്ക് മൊബൈലില്‍ ഫോണ്‍ വിളിക്കാന്‍ പോലീസ് ഒത്താശ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എറണാകുളം റൂറല്‍ പോലീസാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന് സരിതയ്ക്ക് മൊബെയില്‍ കൈമാറുന്നതിന്റെയും സരിത ഫോണില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.
ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും നിയമസഭ ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: