ന്യുദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ മുന്നാംമുന്നണിയെന്ന സ്വപ്നം വീണ്ടും പൂവണിയാതെ പൊലിയാനുള്ള സാധ്യതകള്‍ സജീവമായി. പ്രാദേശിക കക്ഷികളുടെ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമം വെറും രണ്ടു ദിവസം മാത്രം ആയുസ്സുള്ള രാഷ്ട്രീയ ഊഹാപോഹമായാണ് അവസാനിക്കുന്നത്.
മൂന്നാംമുന്നണിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് യാതൊരു പിന്തുണയും നല്‍കില്ലെന്ന നിലപാടിലാണ് സിപിഎം. മൂന്നാം മുന്നണി നീക്കം നടക്കുന്നതില്‍ വിരോധമില്ലെന്നും എന്നാലതില്‍ ചേരുന്നതില്‍ താല്‍പ്പര്യമില്ലെന്നുമാണ് സിപിഐയുടെ നിലപാട്. മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാവില്ലെന്നാണ് ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. എഐഎഡിഎംകെ നേതാവ് ജയലളിതയും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ഇതുവരെ മൂന്നാംമുന്നണി നീക്കത്തില്‍ പ്രതികരിക്കാത്തതും ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്കുന്നു. ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയും പ്രശ്നത്തില്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല.
ഇതോടെ മൂന്നാംമുന്നണിയുമായി രംഗത്തിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പ്രതീക്ഷിച്ചത്ര പിന്തുണ ലഭിക്കാത്തതിന്റെ നിരാശയിലായിട്ടുണ്ട്. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മൂന്നാംമുന്നണിക്കുള്ള സാധ്യതകള്‍ ഇപ്പോഴും സജീവമാണെന്നുമുള്ള നിതീഷ്കുമാറിന്റെ പ്രസ്താവന തന്നെ ഇതിന്റെ ഉദാഹരണമായി മാറി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായക്കും മാത്രമാണ് നിതീഷ്കുമാറിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പ്രദേശിക കക്ഷികളുടെ കൂട്ടയ്മയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത പക്ഷേ ഈ രണ്ടു കക്ഷികളും പങ്കുവെയ്ക്കുന്നില്ല. പൊതു തെരഞ്ഞെടുപ്പിനു ശേഷം വേണമെങ്കില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള നീക്കങ്ങളാകാമെന്ന നിലപാടിലാണ് ഇവര്‍.
നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡിനെ മൂന്നാംമുന്നണി രൂപീകരണ കാര്യത്തില്‍ വിശ്വസിക്കാനാവില്ലെന്ന തോന്നലും മറ്റു കക്ഷികള്‍ക്കുണ്ട്. ബീഹാറില്‍ കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ലഭിക്കുന്നതിനു വേണ്ടി കാട്ടുന്ന സമ്മര്‍ദ്ദ തന്ത്രമായാണ് പല നേതാക്കളും നിതീഷിന്റെ പ്രസ്താവനകളെ കണക്കിലെടുക്കുന്നത്. കൂടാതെ ബിജെപിയുടെ ശക്തമായ പിന്തുണയോടെ അധികാരത്തിലെത്തിയ നിതീഷിന് ഭരണം നഷ്ടമാകുന്ന നിലയാണ് പുതിയ നീക്കങ്ങളോടെ സൃഷ്ടിക്കപ്പെട്ടതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നിതീഷ്കുമാറുമായി യാതൊരു തരത്തിലും യോജിച്ചു പോകാനാവാത്ത ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി മൂന്നാം മുന്നണിയുടെ ഭാഗമാവില്ലെന്ന് വ്യക്തമാക്കിയതും എസ്.പിയും ബിഎസ്പിയും മനസ്സു തുറക്കാത്തതും മൂന്നാംമുന്നണി ചര്‍ച്ചകളെ തുടക്കത്തില്‍ തന്നെ അപ്രസക്തമാക്കി. പൊതു തെരഞ്ഞെടുപ്പിനു മുമ്പ് മൂന്നാം മുന്നണി രൂപംകൊടുക്കുന്നതിന് പ്രസക്തിയില്ലെന്നും പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ കരുതുന്നു. മുന്‍ അനുഭവങ്ങള്‍ നല്കുന്ന പാഠമുള്‍ക്കൊണ്ട് വെവ്വേറെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് നല്ലതെന്ന തിരിച്ചറിവിലാണ് മിക്ക പ്രാദേശിക പാര്‍ട്ടികളും.
ഇരുനൂറിലധികം സീറ്റുകള്‍ നേടി ബിജെപി ശക്തി തെളിയിച്ചാല്‍ നിലവില്‍ മൂന്നാംമുന്നണിക്കുവേണ്ടി വാദിക്കുന്നവര്‍ പലരും ബിജെപിക്കു പിന്നാലെ പോകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ഇതാണ് ചര്‍ച്ചകളില്‍ നിന്നും അകലം പാലിക്കുന്നത്. 23 ഘടകകക്ഷികളുമായി ചേര്‍ന്ന് എന്‍ഡിഎ അഞ്ചു വര്‍ഷം കേന്ദ്രം ഭരിച്ചതിന്റെ ഉദാഹരണവും അവരുടെ മനസ്സിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: