വെള്ളരിക്കുണ്ട്: ഒരിടവേളയ്ക്കുശേഷം മലയോരത്ത് വീണ്ടും കള്ളനോട്ടുകളുടെ കുത്തൊഴുക്ക്. കിഴക്കന്‍ മലയോര മേഖലയായ വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളിലെ ചെറുടൗണുകളിലാണ് കള്ളനോട്ടുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നത്. മലയോരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദ്യലോബികളാണ് കള്ളനോട്ട് ഇടപാടുകള്‍ക്ക് പിന്നിലെന്നാണ് സൂചന. കച്ചവട സ്ഥാപനങ്ങളില്‍ കള്ളനോട്ടുകള്‍ ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജനങ്ങള്‍ സംശയം പ്രകടിപ്പിച്ച് തുടങ്ങിയത്. പുങ്ങംചാല്‍ ടൗണില്‍ മാത്രം നാല് കടകളില്‍ കള്ളനോട്ടുകള്‍ ലഭിച്ചു. അഞ്ഞൂറിണ്റ്റെ നോട്ടുകളാണ് മിക്കവയും. മലയോരത്തെ മറ്റ് പ്രദേശങ്ങളിലും സമാന സംഭവം ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തെ ഭയന്ന് പരാതി നല്കുന്നതില് നിന്നും ആള്ക്കാര് പിന്മാറുകയാണ്. കൂടുതല്‍ പേര് കള്ളനോട്ടുകള്‍ ലഭിച്ച് വഞ്ചിതരായിട്ടുണ്ടെങ്കിലും ഇക്കാരണം കൊണ്ട് തന്നെ പുറത്തുപറയാനും ഇവര്‍ തയ്യാറാകുന്നില്ല. നിയമക്കുരുക്കില്‍ പെടുമെന്ന ആശങ്കയുള്ളതിനാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പോലും ആള്ക്കാര് തയ്യാറാകാത്തത് കള്ളനോട്ട് സംഘങ്ങള്‍ക്ക് സഹായവുമാകുന്നു. കള്ളനോട്ടുകള്‍ സംബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷിക്കുമെന്നും വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാര്‍ പറഞ്ഞു. വ്യാജവാറ്റ് കേന്ദ്രങ്ങളും ‘സമാന്തര ബാറുകളും’ സാമൂഹ്യവിപത്തായി മാറിയ മലയോരത്ത് കള്ളനോട്ടുകളുടെ സാന്നിധ്യം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. വ്യാജവാറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ അടുത്തിടെ പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളിലേക്ക് ഇപ്പോള്‍ ഗോവന്‍ വിദേശനിര്‍മ്മിത മദ്യങ്ങളുടെ കടന്നുകയറ്റം ഉണ്ടായിരിക്കുകയാണ്. ഇതിന് പിന്നിലുള്ളവര്‍ തന്നെയാണ് കള്ളനോട്ട് ഇടപാടുകളെയും നിയന്ത്രിക്കുന്നത്. അടുത്തിടെ അപരിചിതരായ ചിലരുടെ സാന്നിധ്യവും ജനങ്ങളില്‍ സംശയത്തിനിടയാക്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കള്ളനോട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ പുതിയ സംഘങ്ങളെന്നാണ് സൂചന. സംസ്ഥാനത്തെ കള്ളനോട്ട് കേസുകളുടെ പ്രഭവകേന്ദ്രമാണ് കാസര്‍കോട്. മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കള്ളനോട്ടുകള്‍ ഒഴുകുന്ന ജില്ലയില്‍ മലയോരം കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനം പോലീസിണ്റ്റെ ശ്രദ്ധയില്‍പെട്ടില്ലെന്നത് രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും വീഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: