കാസര്‍കോട്: സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭാഷാന്യൂനപക്ഷമായ കന്നഡ വിഭാഗങ്ങള്‍ക്ക് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭം വഴിത്തിരിവില്‍. ജില്ലയിലെ പിഎസ്സി പരീക്ഷകള്‍ ശക്തമായ സമരത്തിലൂടെ മാറ്റി വയ്ക്കാന്‍ സാധിച്ചതോടെ സമരത്തിന് പുതിയ രൂപം കൈവന്നിരിക്കുകയാണ്. കന്നഡ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ശക്തമായ നിലപാടാണ് ബിജെപി മുന്നോട്ട് വെച്ചത്. ഇത് അരക്കിട്ടുറപ്പിക്കുന്നതായി ഇന്നലെ പിഎസ്സി ഓഫീസിനുമുന്നില്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍. ഉപരോധ സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്, എം.സഞ്ജീവഷെട്ടി, രാമപ്പ മഞ്ചേശ്വരം, എം.ഷൈലജഭട്ട് എന്നിവര്‍ സംസാരിച്ചു. പി.രമേഷ്, വിജയ്കുമാര്‍റൈ, പി.ആര്.സുനില്‍, ഹരീഷ് നാരംപാടി, എസ്.കെ.കുട്ടന്, നഞ്ചില്‍ കുഞ്ഞിരാമന്, പി.സുശീല, സരോജ.ആര്.ബള്ളാല്‍, സ്നേഹലത ദിവാകര്‍, ടി.കുഞ്ഞിരാമന്, ഇ.കൃഷ്ണന്, സുകുമാരന്‍ കാലിക്കടവ്, കെ.പി.വത്സരാജ്, അനിത.ആര്.നായക്, അഡ്വ.നവീന്‍രാജ്, കെ.വി.രാമകൃഷ്ണന്,ശോഭന ഏച്ചിക്കാനം,മഹേഷ് നെടുഗുള, മാലതി.ജെ റായ്, ഗണേഷ് പാറക്കട്ട തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ.ശ്രീകാന്ത് സ്വാഗതവും എസ്.കുമാര്‍ നന്ദിയും പറഞ്ഞു. ഉപരോധ സമരം വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഓഫീസ് ഉപരോധിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന നാനൂറോളം പേര്‍ക്കെതിരെ ടൗണ്‍പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ നിന്നും കന്നഡ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയതും ജില്ലയിലെ ബിജെപി നേതാക്കളായിരുന്നു. പത്രസമ്മേളനത്തിലൂടെ ഇത് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്കുകയുണ്ടായി. എന്നാല്‍ പ്രതിഷേധ സമരങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞതോടെ തെരുവിലേക്കിറങ്ങി. ഏപ്രില്‍ രണ്ടിന് കന്നഡ അവകാശ സംരക്ഷണ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രത്യക്ഷ സമരത്തിന് തുടക്കമിട്ടു. കാസര്‍കോട് പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടന്ന കണ്‍വെന്‍ഷനില്‍ കന്നഡ സമൂഹമൊന്നടങ്കം പങ്കുചേര്‍ന്നു. തുടര്‍ന്ന് പഞ്ചായത്തുതല ധര്‍ണകള്‍ നടത്തി. മെയ് ൭ന് ജില്ലയിലെ ബിജെപി ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് പിഎസ്സി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സര്‍ക്കാറിനുള്ള താക്കീതായിരുന്നു. കന്നഡ സമൂഹത്തില്‍ നിന്നും ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനും സമരം പൊളിക്കാനും ഇതിനിടയില്‍ ഭരണകക്ഷികളുടെ ഭാഗത്തുനിന്നും ബോധപൂര്‍വ്വമായ ശ്രമമുണ്ടായി. കന്നഡ വിഭാഗങ്ങള്‍ക്ക് ഉത്തരവില്‍ ഇളവനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതായി ലീഗ് എംഎല്‍എമാര്‍ പ്രചാരണം നടത്തി. എന്നാല്‍ പിഎസ്സി പരീക്ഷ മലയാളം അറിയുന്നവര്‍ക്ക് മാത്രമായി ചുരുക്കിയപ്പോള്‍ എംഎല്‍എമാരുടെ കപടതയും കന്നഡ സമൂഹത്തിന് വ്യക്തമായി. പിഎസ്സിയുടെ നടപടി ഭാഷാന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാഴ്ത്തിയിട്ടും ജില്ലയിലെ ജനപ്രതിനിധികള്‍ തികഞ്ഞ നിസംഗതയിലാണ്. ഈയവസരത്തിലാണ് സമരം ശക്തമാക്കാന്‍ ഒരിക്കല്‍കൂടി ബിജെപി മുന്നിട്ടിറങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും തോല്‍പ്പിച്ച് ശക്തമായ മറുപടിയാണ് ഇന്നലത്തെ സമരത്തിലൂടെ ബിജെപി നല്‍കിയത്. സമരത്തെ തുടര്‍ന്ന് പരീക്ഷ മാറ്റി വെയ്ക്കേണ്ടി വന്നത് പിഎസ്സിയെ സംബന്ധിച്ച് അസാധാരണ സംഭവമാണ്. ജീവല്‍ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് സമരവിജയം. സമരം വിജയിച്ചതില്‍ കന്നഡ സമൂഹത്തില്‍ നിന്നും ബിജെപിക്ക് ഏറെ അഭിനന്ദനവും ലഭിച്ചു. കന്നഡ ഉദ്യോഗാര്‍ത്ഥി അവകാശ സംരക്ഷണ സമിതി പ്രതിനിധികള്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തിയാണ് അഭിനന്ദനവും സന്തോഷവും അറിയിച്ചത്. കന്നഡ സാഹിത്യകാരന്മാരും സംഘടനാ പ്രതിനിധികളും ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: