തിരുവനന്തപുരം: ബോള്‍ഗാട്ടി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. സര്‍ക്കാരിന്റെ രണ്ട് അനുമതി കൂടി ലഭിക്കാനുണ്ട്. അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനകം നിര്‍മാണം തുടങ്ങും. വിവാദമുണ്ടായപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുണയുമായി വന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച ‘സമകാലീന രാഷ്ട്രീയവും കേരള വികസനവും’ സംവാദപരമ്പരയില്‍ സംസാരിക്കുകയായിരുന്നു യൂസഫലി. ബോള്‍ഗാട്ടി കണ്വെന്ഷന് സെന്റര്‍ തന്റെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയാണ്. ലാഭവും നഷ്ടവും നോക്കിയല്ല താന്‍ പദ്ധതിക്കായിറങ്ങി ത്തിരിച്ചത്. പദ്ധതിയില്‍ നിന്ന് താന്‍ പിന്മാറിയാല് അത് കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്ന വാദം ശരിയല്ല. താന്‍ പോയാല്‍ വേറെ ആരെങ്കിലും വരും. ഇടപ്പള്ളി തോട് കൈയേറിയിട്ടില്ല. കൈയേറിയെന്ന് പറയുന്നവര്‍ക്ക് നിയമപരമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ 27 ഏക്കര്‍ സ്ഥലം 30 വര്‍ഷത്തെ പാട്ടത്തിന് എടുക്കാനാണ് ധാരണയായത്. അന്താരാഷ്ട്ര മികവുള്ള കണ്വെന്ഷന് സെന്റര്‍ ആണ് ഇവിടെ ഉയരുക. ഓസ്കര് പുരസ്കാര ചടങ്ങും സാര്‍ക്ക് ഉച്ചകോടിയും വരെ സംഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങളോടെയാണ് നിര്‍മാണം. 4000 മുതല്‍ 6000വരെ പേരെ ഉള്‍ക്കൊള്ളാനാവും. ലോകനിലവാരത്തിലുള്ള ഹോട്ടലും ഇവിടെ നിര്‍മിക്കും. ഒരേ സമയം അഞ്ചു രാഷ്ട്രത്തലവന്മാര്ക്കു വരെ താമസിക്കാന്‍ സൗകര്യമുണ്ടാകും. ഒപ്പം സര്‍വീസ് അപ്പാര്ട്ട്മെന്റുകളുമുണ്ടാവും. സര്‍വീസ് അപ്പാര്‍ട്ട്മെന്റ് എന്നത് ഹോട്ടലിന്റെ വിശാല രൂപമാണ്. ഈ സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ വില്പന നടത്താന്‍ താന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനല്ലെന്നും യൂസഫലി വ്യക്തമാക്കി. കേരളത്തിലെ ബില്‍ഡിങ് കോഡില്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് എന്നൊന്നില്ല. അതാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്. മൂന്ന് കോടിയോളം രൂപ പോര്‍ട്ട് ട്രസ്റ്റിന് പ്രതിവര്‍ഷം വാടക നല്‍കുന്നുണ്ട്. പോര്‍ട്ട് ട്രസ്റ്റുമായി ഉണ്ടാക്കിയ കരാര്‍ വളരെ സുതാര്യമാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും അഭിഭാഷകരാണ് ഇതു തയ്യാറാക്കിയത്. ഇതു സംബന്ധിച്ചുയരുന്ന ഏതു സംശയങ്ങളും ദൂരീകരിച്ചുകൊടുക്കാന് താനും പോര്‍ട്ട് ട്രസ്റ്റും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: