കാസര്‍കോട്: ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിച്ച് പിഎസ്സി പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ നീക്കം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനുമുന്നില്‍ പരാജയപ്പെട്ടു. രാവിലെ ഏഴരയ്ക്ക് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പിഎസ്സി ഓഫീസ് ഉപരോധിച്ചതോടെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസും എത്തിക്കാനായില്ല. ഇതേതുടര്‍ന്ന് ജില്ലയിലെ പിഎസ്സി പരീക്ഷ മാറ്റി വെച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ബലം പ്രയോഗിച്ച് ഉപരോധം അവസാനിപ്പിക്കാനുള്ള പോലീസ് നീക്കവും പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തി.
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗങ്ങള്‍ക്ക് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭ പാതയിലാണ്. പിഎസ്സി പരീക്ഷയില്‍ 10 മാര്‍ക്ക് മലയാള പരിജ്ഞാനത്തിന് ഉള്‍പ്പെടുത്തിയത് കന്നഡ വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇത് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പരീക്ഷ തടഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ബിജെപി നേരത്തെ തന്നെ പിഎസ്സിയോട് ആവശ്യപ്പെട്ടിരുന്നു.
ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്-2, ലോവര്‍ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ ഉച്ചയ്ക്ക് രണ്ടിന് 26 കേന്ദ്രങ്ങളിലാണ് ഇന്നലെ പരീക്ഷ നടക്കേണ്ടിയിരുന്നത്. പരീക്ഷ തടയുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രതിഷേധം കാത്തിരുന്ന പോലീസിനെ കബളിപ്പിച്ച് പിഎസ്സി ഓഫീസ് ഉപരോധിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഓഫീസ് പരിസരം പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെത്താനുള്ള വഴികളില്‍ പ്രവര്‍ത്തകര്‍ ഇരിപ്പുറപ്പിച്ചതോടെ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഓഫീസിലെത്താനായില്ല.
ഡിവൈഎസ്പി മോഹനചന്ദ്രന്. കാസര്‍കോട് സിഐ സുനില്‍കുമാര്‍, എസ്ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പരീക്ഷ മാറ്റിവെയ്ക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയതോടെ പോലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നു. എന്നാല്‍ സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ശക്തമായി ചെറുത്തതോടെ പോലീസ് പിന്മാറി. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ ഉത്തരക്കടലാസുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഒടുവില്‍ 11.15 ഓടെ പരീക്ഷ മാറ്റി വെച്ചതായി പിഎസ്സി അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഉപരോധ സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാതെ ജില്ലയില്‍ പിഎസ്സിയുടെ ഒരു പരീക്ഷയും നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ അവകാശമാണ്. ഉമ്മന്‍ചാണ്ടിയുടേയോ യുഡിഎഫിന്റെയോ ഔദാര്യമല്ല. മതന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്കുന്ന സര്‍ക്കാര്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: