തിരുവനന്തപുരം: ആഭ്യന്തര മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇരു വിഭാഗവും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതിനാല്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രിസ്ഥാനമില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ്ചെന്നിത്തല തന്റെ നിലപാട് ഇന്നലത്തെ ചര്‍ച്ചയിലും അറിയിക്കുകയായിരുന്നു. റവന്യു, വനം, ദേവസ്വം വകുപ്പുകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും അതുകൊണ്ട് തൃപ്തിപ്പെടാന്‍ ചെന്നിത്തല തയ്യാറായില്ല.
ഇന്നലെ രാത്രി കെപിസിസി ആസ്ഥാനത്താണ് ചെന്നിത്തലയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. ഇരുപതു മിനുട്ട് നീണ്ടു നിന്ന ചര്‍ച്ചയ്ക്കു ശേഷം പുറത്തു വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചു എന്നു മാത്രമാണ് പ്രതികരിച്ചത്. രമേശ് മന്ത്രിസഭയിലെത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ചെന്നിത്തല തങ്കച്ചനെയും അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകണമെന്ന അന്ത്യശാസനവും നല്കി. ആഭ്യന്തരവകുപ്പുമായി മന്ത്രിസഭയില്‍ ചേരാനായില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തിനു മുമ്പ് ചെന്നിത്തല വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന ഭീഷണിയുമുണ്ട്. ചെന്നിത്തലയ്ക്കൊപ്പം നില്ക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ആഗ്രഹവും അതാണ്. പത്രസമ്മേളനം വിളിച്ച് മന്ത്രിസഭയിലേക്കില്ലെന്നും കെപിസിസി പ്രസിഡന്റായി തുടരുമെന്നും പറയാനാണ് നീക്കം. പത്രസമ്മേളനത്തില്‍ ചെന്നിത്തല എല്ലാം തുറന്നുപറയുമെന്ന ഭയവും മുഖ്യമന്ത്രി ഉള്പ്പടെയുള്ളവര്ക്കുണ്ട്.
ഈ മാസം പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. അതിനു മുമ്പ് മന്ത്രിസഭാ പുനഃസംഘടന നടത്താനായിരുന്നു നീക്കം. ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയിലെ രണ്ടാമനാകാനായിരുന്നു ചെന്നിത്തല ലക്ഷ്യമിട്ടിരുന്നത്. അതിന് ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ തടയിട്ടു. മുസ്ലീം ലീഗ് ഉമമുഖ്യമന്ത്രി സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചതും മന്ത്രിസഭയിലെ രണ്ടാം സ്ഥാനം വിട്ടു നല്‍കില്ലെന്ന് പ്രഖ്യാപിച്ചതും കാര്യങ്ങള്‍ ആകെ കലക്കിമറിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ടിക്കുന്നതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്റിനും വിയോജിപ്പായിരുന്നു.
ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നും തര്‍ക്കങ്ങള്‍ കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി ഇന്നലെ പി.പി.തങ്കച്ചനെ അറിയിച്ചിരുന്നു. ഈ വിവരം തങ്കച്ചന് ചെന്നിത്തലയെയും അറിയിച്ചു. ഇന്നലെ പകല്‍ മുഴുവന്‍ തങ്കച്ചന് ഇടനിലക്കാരനായി നിന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും എ, ഐ വിഭാഗങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കിയത്.
ആഭ്യന്തരത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചു. വിട്ടുകൊടുക്കേണ്ടെന്ന് എ ഗ്രൂപ്പും. രാത്രി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ചകള്‍ വഴിമുട്ടിയതും ഇതിന്റെ പേരില്‍ തന്നെയാണ്. ഇതോടെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: