ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ബില്ല് ഓര്‍ഡിനന്‍സിലൂടെ നിയമമാക്കാന്‍ ശ്രമം. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചുകൊണ്ട് നിയമമന്ത്രി കപില്‍ സിബല്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയിട്ടുണ്ട്.
ഓര്‍ഡിനന്‍സിലൂടെ അല്ലാതെ ബില്‍ കൊണ്ടുവരുന്നതില്‍ പല ഭാഗങ്ങളില്‍ നിന്നായി എതിര്‍പ്പുകള്‍ വന്നിരുന്നു. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനോട് കൃഷിമന്ത്രി ശരത്പവാറിനും യോജിപ്പില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാണ് ഭക്ഷ്യമന്ത്രി കെ.വി തോമസിന്റെയും നിലപാട്.
ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് സംബന്ധിച്ച് സഖ്യകക്ഷികളുടെ അഭിപ്രായം തേടിയിരുന്നു. അതിനാല്‍ സഖ്യകക്ഷികള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യം നിലനിന്നീട്ടും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
ചില ഭേദഗതികളോടെ ബില്‍ പാസാക്കുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നേരത്തെ കൂടണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ച് കിലോ അരി ഒരു രൂപ തൊട്ട് മൂന്ന് രൂപ വരെ ഈടാക്കി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതാണ് നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരഷാ ബില്ല്.
ഭക്ഷ്യസുരക്ഷാബില്ലിന് പുറമേ ഭൂമി ഏറ്റെടുക്കല്‍ ബില്ലും ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരാനാണ് നീക്കം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്ന രണ്ട് ബില്ലുകളും കാലതാമസം കൂടാതെ നിയമമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: