ന്യൂദല്‍ഹി: റെയില്‍വേ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചോദ്യം ചെയ്തു. അനന്തരവന്റെ ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബന്‍സല്‍ പറഞ്ഞതായാണ് സൂചന.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സാലിന് സിബിഐ സമന്‍സ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് തന്നെ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. റെയില്‍വേ ബോര്‍ഡില്‍ ഉദ്യോഗ സ്ഥാനക്കയറ്റം നല്‍കാമെന്നു പറഞ്ഞ് ബോര്‍ഡ് അംഗം മഹേഷ്കുമാറില് നിന്ന് അനന്തരവന് വിജയ് സിംഗ്ല 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പവന്‍കുമാര്‍ ബന്‍സലിനെ ചോദ്യം ചെയ്തത്.
റെയില്‍വെ ബോര്‍ഡ് ചെയര്മാന് സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് മഹേഷ് സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കിയത്. ബോര്‍ഡ് അംഗം എന്ന തസ്തിക സെക്രട്ടറിക്ക് തുല്യമാണ്. മന്ത്രി അറിയാതെ ഈ തസ്തികയിലേക്ക് നിയമനം നടക്കില്ല. അതിനാല്‍ അനന്തരവന് നടത്തിയ ഇടപാട് ബന്‍സല്‍ അറിഞ്ഞിരിക്കാമെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു.
ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വച്ച് രണ്ടു പ്രാവശ്യം മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മഹേഷ് കുമാര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ പതിനാറിന് മുംബൈയില്‍ വച്ചും മഹേഷ്കുമാര്‍ ബന്‍സലുമായി ചര്‍ച്ച നടത്തിയിരുന്നു.
ബന്‍സലിന്റെ പ്രൈവറ്റ് സെക്രട്ടറിയേയും റെയില്‍വേ ബോര്‍ഡ് ചെയര്മാന് എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബന്‍സലിനെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: