ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യ-കക്കാ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ജലവിമാനം പുന്നമട കായലില്‍ ലാന്റ് ചെയ്തില്ല. സീ പ്ലെയിന്‍ ലാന്റ് ചെയ്യാന്‍ സജ്ജമാക്കിയിരുന്ന വാട്ടര്‍ ഡ്രോം നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും കക്കാ വാരല്‍ തൊഴിലാളികളും ചേര്‍ന്ന് ഉപരോധിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ജലവിമാനം കൊല്ലത്തുനിന്ന് വേമ്പനാട് കായലില്‍ പറന്നിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ സമയം മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകരടക്കം വന്‍ ജനക്കൂട്ടം പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ സീ പ്ലെയിന്‍ ആലപ്പുഴയ്ക്ക് വരില്ലെന്ന അറിയിപ്പ് നാലരയോടെ വന്നു. പുന്നമട സായി കേന്ദ്രത്തിന് വടക്ക് വശത്ത് പ്രത്യേകം സജ്ജമാക്കിയ വാട്ടര്‍ ഡ്രോമിന് ചുറ്റും മത്സ്യത്തൊഴിലാളികളും കക്കാ തൊഴിലാളികളും പ്രതീകാത്മകമായി മത്സ്യബന്ധനവും കക്ക വാരലും നടത്തി പ്രതിഷേധിച്ചു.
സീ പ്ലെയിന്‍ ഇറങ്ങുന്ന ദിവസം കരിദിനമാചരിക്കുമെന്ന് ഫിഷറീസ് കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്പീഡ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും വാട്ടര്‍ഡ്രോം പ്രദേശത്ത് എത്തിയിരുന്നു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പരാമാവധി ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിനെതിരെ തിരിഞ്ഞതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു.
പ്രതിഷേധ സമരത്തിന് നേതൃത്വം നല്കിയ ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ അടക്കമുള്ള മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ മുദ്രാവാകങ്ങള് വിളിച്ചു.
സീ പ്ലെയിന്‍ പദ്ധതിക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് വി. ദിനകരന് പറഞ്ഞു. കെ.പ്രദീപ്, തത്തംപള്ളി ശ്രീകുമാര്‍ (ബിഎംഎസ്), അഡ്വ.രണ്‍ജിത് ശ്രീനിവാസ്, ഡി.സുരേഷ് (ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം), ടി.ജെ.ആഞ്ചലോസ് (എഐടിയുസി), വി.സോമന് (യുടിയുസി), പി.പി.ചിത്തരഞ്ജന്, പി.എ.ഹാരിസ് (സിഐടിയു), സന്തോഷ് ജിതേന്ദ്രന് (ധീവരസഭ), ജാക്സണ് പൊള്ളയില് (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്), സലിം ബാബു (ടിയുസിഐ), ബാലകൃഷ്ണന് (ധീവരസന്മാര്ഗ സഭ) തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
അഷ്ടമുടിക്കായലില്‍ നിന്നും പറന്നുയര്‍ന്ന ജലവിമാനം പുന്നമടയിലിറങ്ങാന് കഴിയാത്ത സാഹചര്യത്തില്‍ അഷ്ടമുടിയില്‍ തന്നെ തിരിച്ചിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: