കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യതകള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളുടെ നോട്ടീസ്. കാറഡുക്ക വെള്ളൂറ്‍ സ്വദേശി ശശികലയ്ക്കാണ് മകളുടെ ചികിത്സയ്ക്കായി എടുത്ത പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നോട്ടീസ് അയച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരയായ മകള്‍ പ്രജിതയുടെ ചികിത്സയ്ക്ക് വേണ്ടി ൨൦൧൦ മെയ് ൨൦ന് ശശികല സൊസൈറ്റിയില്‍ നിന്നും പതിനായിരം രൂപ വായ്പ എടുത്തിരുന്നു. പലിശയടക്കം ൧൪൨൪൪ രൂപ അടക്കണമെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സൊസൈറ്റി കുടുംബത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം രൂപ ചികിത്സയ്ക്കായ് ചെലവഴിച്ചുവെങ്കിലും ശശികലയ്ക്കും കുടുംബത്തിനും മകളെ രക്ഷിക്കാനായില്ല. ആകെയുണ്ടായിരുന്ന വീടും സ്ഥലവും ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു. വാടക വീട്ടിലാണ് ഇപ്പോള്‍ ഇവരുടെ താമസം. പല ബാങ്കുകളിലായി ലക്ഷങ്ങളുടെ കടം വേറെയുമുണ്ട്. ഇതിനിടയിലാണ് വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സൊസൈറ്റിയുടെ അറിയിപ്പ് ലഭിക്കുന്നതും. ൩൬ ദിവസത്തെ നിരാഹാര സമരത്തിനൊടുവിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഒന്‍പതോളം ഉത്തരവുകളിറക്കിയത്. അഞ്ചുവര്‍ഷത്തിനുശേഷവും സര്‍ക്കാര്‍ സഹായം തുടരും, മെഡിക്കല്‍ ക്യാമ്പ്, കടബാധ്യതകള്‍ക്ക് മൊറട്ടോറിയം തുടങ്ങിയവയായിരുന്നു ഉത്തരവുകളില്‍ പ്രധാനം. ഉത്തരവിറക്കിയതിനുശേഷം ജില്ലാ ഭരണകൂടം കടബാധ്യതകള്‍ സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുകയാണിപ്പോള്‍. വായ്പയെടുത്തത് ഇരകളുടെ ചികിത്സയ്ക്ക് വേണ്ടിയാണെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വ്യക്തതയില്ലാത്തതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ ഭരണകൂടത്തിണ്റ്റെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന് വ്യക്തതയുണ്ടാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: