ന്യൂദല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റേതാണ് നടപടി. സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറാനുള്ള വിപുലമായ പദ്ധതികള്‍ സമര്‍പ്പിക്കണമെന്ന് കമ്പനിയോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ അഞ്ചിന് അയച്ച നോട്ടീസില്‍ 20 നകം കാര്യങ്ങള്‍ വിശദീകരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്.
ശമ്പള കുടിശിഖ ആവശ്യപ്പെട്ട് ഒരു വിഭാഗം ഫ്ലൈറ്റ് എന്‍ജീയര്‍മാരും പൈലറ്റുമാരും സമരലേക്ക് നീങ്ങിയതിനാല്‍ കമ്പനിയുടെ സര്‍വീസുകള്‍ ദിവസങ്ങളായി മുടങ്ങിയിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഡിജിസിഎ വിശദീകരണം ആവശ്യപ്പെട്ടത്.
പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി താല്‍ക്കാലിക ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരമാകാത്തതിനാല്‍ ലോക്കൗട്ട് ചൊവ്വാഴ്ച വരെ നീട്ടിയതായും കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. ഇതിനിടെ ഒരു ചെക്കുകേസില്‍ കമ്പനിയുടമ വിജയ് മല്യയ്ക്കെതിരേ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കമ്പനിയുടെ 60ഓളം ബാങ്ക് അക്കൗണ്ടുകള്‍ ഈയിടെ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 7,057 കോടി രൂപയോളമാണ് കമ്പനിയുടെ കടബാധ്യത. ഇതു കൂടാതെ 60,000 കോടി രൂപയുടെ നഷ്ടവും കമ്പനി നേരിട്ടിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ലൈസന്‍സും അധികൃതര്‍ റദ്ദാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: