ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര നടത്തിയ ഭൂമി ഇടപാട് അനധികൃതമാണെന്നു കണ്ടെത്തി റദ്ദാക്കിയതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന് അശോക് കെംകെയുടെ ജീവന് അപകടത്തിലെന്ന് സുഹൃത്ത്. ഗുഡ്ഗാവില്‍ വധേരയുടെ കമ്പനിയും ഡിഎല്‍എഫും നടത്തിയ അനധികൃത ഭൂമി ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവന്ന കെംകെ അജ്ഞാതരില്‍ നിന്നും വധഭീഷണി നേരിടുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി.
കെംകെക്ക് ഫോണിലൂടെ വധഭീഷണി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്നും ഇല്ലെങ്കില്‍ തട്ടിക്കളയുമെന്നുമാണ് ഭീഷണി. കെംകെയുടെ അടുത്ത സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനുമായ അനുപം ഗുപ്ത മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനായി തങ്ങള്‍ക്ക് കരാര്‍ ലഭിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കിയതായും ഗുപ്ത പറഞ്ഞു.
അനധികൃത ഭൂമി ഇടപാടുകള്‍ വെളിച്ചത്തു കൊണ്ടുവന്നതിന് മനുഷ്യത്വരഹിതമായ സ്ഥലം മാറ്റങ്ങളിലൂടെ തന്റെ മനോവീര്യം തകര്‍ക്കാന്‍ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അശോക് കെംകെ ആരോപിച്ചു.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡിഎല്‍എഫും സോണിയാഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടതിനാണ് കെംകെയെ സ്ഥലം മാറ്റിയത്. ഹരിയാന സീഡ്സ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഡയറക്ടറായിട്ടാണ് പുതിയ സ്ഥലം മാറ്റം. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥലം മാറ്റിയതെന്ന് അറിയില്ലെന്ന് കെംകെ പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടതെന്നും കെംകെ പറഞ്ഞു. സ്ഥലം മാറ്റിയതിനെക്കുറിച്ച് അദ്ദേഹം സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് തനിക്ക് 40 ലധികം സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. എന്തിനാണ് സ്ഥലം മാറ്റിയതെന്ന് അറിയേണ്ടത് തന്റെ ആവശ്യമാണ്. സത്യസന്ധമായാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തമായ നിലപാടുകളാണ് താന്‍ സ്വീകരിച്ചതെന്നും ശരിയായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫരീദാബാദ്, ഗുഡ്ഗാവ്, പല്‍വാല്‍,മേവാത് എന്നീ ജില്ലകളിലെ 2005 ജനുവരി ഒന്നു മുതലുള്ള എല്ലാ രജിസ്ട്രേഷനുകളും അന്വേഷിക്കാന്‍ കെംകെ ഉത്തരവിട്ടിരുന്നു. ഈ മാസം 11നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അനധികൃതമെന്ന് കണ്ടെത്തിയ ചില ഇടപാടുകള്‍ കെംകെ റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായ നടപടികള്‍ നടത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വധേരയുടെ സ്കൈലറ്റ് ഹോസ്പ്പിറ്റാലിറ്റി ഡി എല്‍ എഫിന് നല്കിയ 3.53 ഏക്കര്‍ ഭൂമി ഇടപാടും അദ്ദേഹം റദ്ദാക്കിയിരുന്നു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെംകെ കേവലം 50 ദിവസം മാത്രമാണ് രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചത്. 43-ാം തവണയാണ് അദ്ദേഹത്തെ സ്ഥലം മാറ്റുന്നത്.
വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് ആരോപണം ഉന്നയിച്ച മനേസര്‍-ഷികോപൂര് ഭൂമിയിടപാടില്‍ വ്യാജ ഒപ്പാണ് പതിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷന് റദ്ദാക്കിയതെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 7.5 കോടി രൂപയ്ക്ക് വധേര ഈ ഭൂമി വാങ്ങി 58 ലക്ഷത്തിന് ഡി എല്‍ എഫിന് മറിച്ചു വിറ്റെന്നും അതുപയോഗിച്ച് ഡി എല്‍ എഫില്‍ നിന്ന് പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയെന്നുമായിരുന്നു കേജ്രിവാളിന്റെ ആരോപണം. ഇടുപാടുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവം വിവാദമായിരിക്കുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നിലപാട് ഹരിയാന സര്‍ക്കാരിന്റെ സ്വയം വിവേചനാധികാരമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സ്ഥലംമാറ്റം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുമെന്നും ഹരിയാനയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി.കെ ഹരി പ്രസാദ് പറഞ്ഞു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തിനെതിരെ കേജ്രിവാള് രംഗത്തെത്തി. നടപടി വധേരയെ രക്ഷിക്കാനാണെന്ന് കേജ്രിവാള് പറഞ്ഞു. അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. വധേരക്കെതിരായ എല്ലാ അഴിമതിയും അന്വേഷിക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്. കെംകയ്ക്കെതിരായ നടപടിയുടെ മാനദണ്ഡമെന്തെന്ന് ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കണം. വധേരക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടി നയപരമായ തീരുമാനമാണോയെന്നും വ്യക്തമാക്കണം. വധേരയേയും കുടുംബത്തേയും രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനെതിരെ ബി ജെ പിയും രംഗത്തെത്തി. വധേരയുടെ ഇടപാടുകള്‍ക്ക് പിന്നിലെ ക്രമക്കേടുകള്‍ക്ക് തെളിവാണ് സ്ഥലം മാറ്റിയ സംഭവമെന്ന് ബിജെപി ആരോപിച്ചു.
കെംകെയെ സ്ഥലം മാറ്റിയ നടപടി പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ അല്ലെന്നും ഇക്കാര്യം ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വധേരയുടെ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. അനധികൃത ഇടപാടിന് സര്‍ക്കാര്‍ ആര്‍ക്കും കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: