തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്.സി) തന്നെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാറുമായി മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്തും. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങളില്‍ ഇളവ് ചോദിക്കാനും യോഗം തീരുമാനിച്ചു. ഈ മാസം 19ന് ചേരുന്ന കെ എം ആര് എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് മുന്നോടിയായാണ് ഉന്നതതലയോഗം ചേര്‍ന്നത്.
നിര്‍മ്മാണ ചുമതല ഡി എം ആര് സിയെ ഏല്‍പ്പിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവും ഡി എം ആര് സി മുന്‍ ചെയര്‍മാനുമായ ഇ. ശ്രീധരന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. മെട്രോ റെയിലിന്റെ നിര്‍മാണ ചുമതല ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഡി എം ആര് സിക്ക് നല്‍കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ 2004 ഡിസംബറിലെ ഉത്തരവ് തടസമാണെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും നിര്‍മാണ ചുമതലയും ഒരു കമ്പനിയെ തന്നെ ഏല്‍പ്പിക്കാന്‍ പാടില്ലെന്നായിരുന്നു വിജിലന്‍സ് കമ്മീഷണറുടെ ഉത്തരവ്. എന്നാല്‍, നാമനിര്‍ദേശവ്യവസ്ഥയില്‍ ഒരു പദ്ധതി പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി മാത്രമെ ആവശ്യമുള്ളൂവെന്ന് ശ്രീധരന് കത്തില്‍ വ്യക്തമാക്കിയിരുന്നു.കൊച്ചി മെട്രോയും ഡിഎംആര്‍സിയും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തമുള്ള കമ്പനികളാണ്. അതിനാല്‍, കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്പിക്കാന് ഇരുകമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡിെന്റ അനുമതി മാത്രം മതി. ഇതാണ് സി.വി.സിയുടെ 2006ലെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
മെട്രോ റെയിലിന്റെ നടത്തിപ്പ് ഡി എം ആര് സിക്ക് കൈമാറാന്‍ 2006ല്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചതാണ്. യു ഡി എഫ് സര്‍ക്കാറും ഈ തീരുമാനം മാറ്റിയില്ല. നാല് മാസം മുമ്പ് നടന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര് എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. കരാര്‍ ഡി എം ആര് സിക്ക് തന്നെ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിലെ കേരളാ പ്രതിനിധികള്‍ക്ക് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ കൂടി ആശ്രയിച്ചാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി ആര്യാടന് മുഹമ്മദ്, കെ എം ആര് എല്‍ മാനേജിംഗ്ഡയറക്ടര്‍ ഏലിയാസ്ജോര്ജ്ജ്, ധനകാര്യസെക്രട്ടറി വി പി ജോയ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഒക്ടോബര്‍ 19ന് ചേരുന്ന കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍മാണ ചുമതല സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് കൊച്ചി മെട്രോ ചെയര്‍മാനും കേന്ദ്ര നഗരവികസന സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിര്‍മാണച്ചുമതല തങ്ങള്‍ക്ക് ലഭിക്കാന്‍ അന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ കൊച്ചി മെട്രോയില്‍നിന്ന് പിന്മാറാനാണ് ഡി.എം.ആര്.സിയുടെ തീരുമാനം.
കൊച്ചിമെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതിനോട് യുഡിഎഫ് സര്‍ക്കാരിന് തുടക്കം മുതലേ താല്പര്യമില്ലായിരുന്നു. ഇതിനായി രൂപീകരിച്ച കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് എംഡി ടോം ജോസിന്റെ നിലപാട് വിവാദമായിരുന്നു. ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും പരസ്യമായിത്തന്നെ ആക്ഷേപിക്കുന്നതരത്തില് ടോംജോസ് പ്രസ്താവനയിറക്കി. ഉമ്മന്‍ചാണ്ടിയുടെ താല്പര്യപ്രകാരമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്ത വന്നു. 5500 കോടിയോളം മുതല്‍മുടക്കുള്ള പദ്ധതിയില്‍ നിന്നും കമ്മിഷന് അടിക്കാനുള്ള ചില യുഡിഎഫ് നേതാക്കളുടെ ശ്രമമാണ് ഡിഎംആര്‍സിയെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് മനസ്സില്ലാ മനസ്സോടെ സര്‍ക്കാര്‍ ശ്രീധരനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, വീണ്ടും തടസ്സവാദം ഉയര്‍ത്തിയത് മന്ത്രി ആര്യാടനാണ്. അതില്‍ കഴമ്പില്ലെന്ന് വ്യക്തമായപ്പോഴാണ് ഇന്നലെ പ്രഹസനമെന്ന നിലയില്‍ ഉന്നതതല യോഗം വിളിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അനുവാദം ആവശ്യമില്ലെങ്കിലും അതിനായി ചര്‍ച്ച നടത്തുമെന്ന് പറയുന്നതിനു പിന്നിലും ദുരുദ്ദേശമുണ്ട്.
തര്‍ക്കങ്ങള്‍ ഉടന്‍ തീരുമെന്ന് ശ്രീധരന്
കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. പാലാരിവട്ടത്ത് രാജഗിരി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിന്റെ പ്രഭാഷണ പരമ്പരയ്ക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പദ്ധതി ആര്‍ക്കു വേണമെങ്കിലും നടപ്പിലാക്കാന്‍ സാധിക്കും. എന്നാല്‍ അതിന്റെ സാങ്കേതിക വിജ്ഞാനവും അനുഭവസമ്പത്തുമുള്ളത് ഡിഎംആര്‍സിക്കു മാത്രമാണ്. സര്‍ക്കാര്‍ പദ്ധതി മനപ്പൂര്‍വം വൈകിക്കുകയാണെന്ന് കരുതുന്നില്ല. പദ്ധതി വൈകുന്നതിനനുസരിച്ച് ഓരോ ദിവസവും 40ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. പണപ്പെരുപ്പം ഉയരുന്ന ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നഷ്ടം ഇനിയും വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് അത് വന്നഷ്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: