ആലപ്പുഴ: ശ്രീകൃഷ്ണജയന്തിയെ അപകീര്‍ത്തിപ്പെടുത്തിയ പി.സി. വിഷ്ണുനാഥ് എംഎല്‍എക്കെതിരെ എസ്എന്‍ഡിപിയും കെപിഎംഎസും. മതതീവ്രവാദികളെ സുഖിപ്പിക്കാനാണ് പി.സി.വിഷ്ണുനാഥ് എംഎല്‍എ ബാലഗോകുലത്തിനെതിരെയും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കെതിരെയും പ്രസ്താവന നടത്തുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വയം അപഹാസ്യനാകുകയാണ് വിഷ്ണുനാഥ്. ബാലഗോകുലത്തില്‍ തീവ്രവാദ ക്ലാസുകള്‍ നടക്കുന്നില്ല. അത്തരം ക്ലാസുകള്‍ നടത്തുന്നവരെ വിഷ്ണുനാഥും കൂട്ടരും പ്രോത്സാഹിപ്പിക്കുകയാണ്. വിഷ്ണുഭക്തരുടെ കൂട്ടായ്മയാണ് ബാലഗോകുലം. നമ്മുടെ സംസ്കാരമാണ് അവിടെ പഠിപ്പിക്കുന്നത്. ബാലഗോകുലത്തിന്റെ പരിപാടികളില്‍ എല്ലാവിഭാഗം ആളുകളും പങ്കെടുക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. ചെറുപ്പക്കാരനായ വിഷ്ണുനാഥ് കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. അല്ലാതെ വായില്‍വരുന്നതെന്തും വിളിച്ചുപറയുകയല്ല ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബാലഗോകുലത്തിനും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുമെതിരെ പി.സി.വിഷ്ണുനാഥ് നടത്തിയ പ്രസ്താവന സ്ഥിരബുദ്ധിയില്ലാത്ത ജല്പ്പനങ്ങളാണെന്ന് കെപിഎംഎസ് സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷും അഭിപ്രായപ്പെട്ടു. അഹിന്ദുക്കള്‍ പോലും ബാലഗോകുലത്തിനെതിരെ ഇത്തരത്തില്‍ പ്രസ്താവന നടത്തില്ല. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാറുള്ളത്. ഹിന്ദുസമൂഹത്തിന്റെ മുഴുവന്‍ ഉത്സവമാണിത്. അതിനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം അപലപനീയമാണ്. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായിട്ടുള്ള ഐക്യം ഇടതു-വലത് രാഷ്ട്രീയ പാര്‍ട്ടികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് വിഷ്ണുനാഥിന്റെ പ്രസ്താവന. സംഘടിത മതന്യൂനപക്ഷ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനായി മതേതര നായകരാകാനാണ് വിഷ്ണുനാഥ് ശ്രമിക്കുന്നത്. ഇത്തരക്കാരുടെ ജല്പ്പനങ്ങള് ഹിന്ദുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും തുറവൂര്‍ സുരേഷ് പറഞ്ഞു.
ഇതിനിടെ, ശ്രീകൃഷ്ണജയന്തി ആഘോഷത്തേയും കുട്ടികളില്‍ ദേശീയബോധവും സാംസ്കാരികതയും വളര്‍ത്തുന്ന ബാലഗോകുലത്തെയും അധിക്ഷേപിച്ച വിഷ്ണുനാഥിനെതിരെ വക്കീല്‍ നോട്ടീസയച്ചു. ചേര്‍ത്തല തെക്ക് ഇലഞ്ഞിയില്‍ അരുണ്‍.കെ.പണിക്കര്‍ അഡ്വ.വി.എസ്.രാജന് മുഖേനയാണ് നോട്ടീസ് അയച്ചത്. വിഷ്ണുനാഥ് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: