കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായവും ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ സമരം പുനരാരംഭിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു. അമ്മമാരുടെ ഐതിഹാസികമായ കലക്ട്രേറ്റ് പടിക്കലെ സത്യഗ്രഹ സമരം മുഖ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്ന് 128 ദിവസത്തിനുശേഷം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും നല്കിയ ഉറപ്പില്‍ അടിയന്തരമായി നടപ്പിലാക്കേണ്ടവപോലും സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാന്‍ ഇരകള്‍ തീരുമാനിച്ചത്. സമരത്തിണ്റ്റെ ആദ്യപടിയായി നവംബറില്‍ ഇരകളെയും സാമൂഹ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളേയും അണിനിരത്തി കലക്ട്രേറ്റിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ആഗസ്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല് അമ്മമാര്‍ കലക്ട്രേറ്റ്പടിക്കലെ സത്യഗ്രഹ സമരം നിര്‍ത്തി വച്ചത്. ഇരകള്‍ക്ക് മതിയായ ചികിത്സ ഒരുക്കുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന് കമ്മറ്റിയെ നിശ്ചയിക്കുക, മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക തുടങ്ങി സമരം മുന്നോട്ട് വെച്ച അടിയന്തിര ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.കരുണാകരന് എംപി സമരക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എംപിയുടെ കൂടി അഭ്യര്‍ത്ഥന മാനിച്ച് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിസംഘം ജില്ല സന്ദര്‍ശിച്ച് ആശ്വാസ നടപടികള്‍ വാഗ്ദാനം ചെയ്ത് മടങ്ങിയിരുന്നു. മന്ത്രിമാരായ കെ.പി.മോഹനന്, വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍ എന്നിവരാണ് സപ്തംബര്‍ 18ന് ജില്ല സന്ദര്‍ശിച്ചത്. ദുരിതബാധിതരുടെ ചികിത്സക്കായി 5.6 കോടിരൂപ ചിലവില്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും 11 ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്നും ചികിത്സക്കായി വായ്പയെടുത്തവരുടെ കടം എഴുതിതള്ളുമെന്നും പ്രഖ്യാപനമുണ്ടായി. സന്ദര്‍ശനത്തിണ്റ്റെ പിറ്റേദിവസം തന്നെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍ നടപടികളായില്ല. സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഇരകള്‍ക്കുള്ള ധനസഹായ വിതരണത്തെ പോലും ബാധിച്ചുവെങ്കിലും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണ് സമരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിലപാടിലേക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി എത്തിപ്പെട്ടത്. ഇന്നലെ വിദ്യാനഗര്‍ എന്‍ജിഒ യൂണിയന് ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സമരം പുനരാരംഭിക്കണമെന്ന് ഏകകണ്ഠേന അഭിപ്രായമുയരുകയായിരുന്നു. അടുത്തമാസം നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചിനുശേഷം വിപുലമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്കുവാനും തീരുമാനമായി. അംബികാസൂതന്‍ മാങ്ങാട്, എന്‍.സുബ്രഹ്മണ്യന്, മുരളീധരന് മാസ്റ്റര്‍, എം.സുള്‍ഫത്ത്, ടി.ശോഭന, അമ്പലത്തറ കുഞ്ഞികൃഷ്ണന്, വി.കെ.വിനയന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ടി.ശോഭന പ്രസിഡണ്ടായും അമ്പലത്തറ കുഞ്ഞികൃഷ്ണന് സെക്രട്ടറിയായും ൩൫ അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമര പരിപാടികളെക്കുറിച്ച് വിശദമായി ആലോചിക്കാന്‍ ൨൩ന് വീണ്ടും യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: