കോഴിക്കോട്: വനനിയമം ലംഘിച്ച് തേക്കടിയില്‍ ബോട്ട് യാത്ര നടത്തിയ വനം മന്ത്രി ഗണേഷ് കുമാര്‍, ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ എന്നിവര്‍ രാജി വയ്ക്കണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഇവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനനിയമങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന് പറഞ്ഞു. മന്ത്രിമാരുടെ ബോട്ട് കൂടാതെ ഒരു ബോട്ട് കൂടി ലേക്ക് പാലസിലേക്ക് പോയിട്ടുണ്ട്. അതിലെ യാത്രക്കാരെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറ് മണിക്ക് ശേഷം വനത്തിനുള്ളിലെ തടാകത്തില്‍ ബോട്ട് സവാരി പാടില്ലെന്ന നിയമം നിലവിലുളളപ്പോഴായിരുന്നു എട്ടുമണിയോടെ തേക്കടിയില്‍ മന്ത്രിയുടെ യാത്ര. വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കുമളിയിലും മന്ത്രിക്ക് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് എട്ടുമണിയോടെ വന്യജീവി സങ്കേതത്തിനുള്ളിലുളള ലേക് പാലസിലേക്ക് മന്ത്രി ബോട്ടില്‍ പോയത്. പിറ്റേന്നും വിവിധ പരിപാടികള്‍ ഉള്ളതിനാല്‍ അവിടെ തങ്ങുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം.
ഗണേഷ്കുമാര് ലേക് പാലസിലേക്ക് പോയതിന് ഒന്നര മണിക്കൂറിന് ശേഷം ഔദ്യോഗിക പരിപാടികള്‍ക്കെത്തിയ ടൂറിസം മന്ത്രി എ.പി അനില്‍കുമാറും ലേക് പാലസിലേക്ക് ബോട്ടില്‍ പോയി. അനില്‍കുമാറിന്റെ ബോട്ട് ഇടയ്ക്ക് അപകടത്തില്‍ പെടുന്ന സാഹചര്യം പോലുമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. ഇരുമന്ത്രിമാരും യാത്രയില്‍ ബോട്ട് ഓടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംഭവം വിവാദമായത്.
എന്നാല്‍ നിയമങ്ങള്‍ മന്ത്രിക്ക് ബാധകമല്ലെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. മന്ത്രിയെന്നത് ഒരു എക്സിക്യൂട്ടീവാണെന്നും ഏത് സമയത്തും എവിടെയും കടന്നുചെല്ലാന്‍ അധികാരമുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: