കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്. ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ കരാര്‍ നല്കുവാന് നിയമതടസമുണ്ടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് വ്യക്തമാക്കിയതോടെയാണ് ഇനി എന്ത് എന്ന ചോദ്യമുയരുന്നത്.
പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്ക് തന്നെ നിര്‍മാണകരാര്‍ നല്‍കാനാവില്ലെന്ന കേന്ദ്രമന്ത്രിസഭയുടെ നിബന്ധനയാണ് പ്രശ്നമാകുന്നത്. നിബന്ധനയില്‍ ഇളവ് നല്കുവാന് സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
നിര്‍മ്മാണക്കരാര്‍ നീണ്ടുപോകുന്നതില്‍ ഡിഎംആര്‍സി നേരത്തെ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ദല്‍ഹി മെട്രോ റെയില്‍ സമയപരിധിക്ക് മുമ്പുതന്നെ യാഥാര്‍ത്ഥ്യമാക്കിയ മലയാളിയായ ഇ. ശ്രീധരന്‍തന്നെ കൊച്ചി മെട്രോയും യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം. ഒരുപാട് തടസങ്ങള്‍ക്കൊടുവില്‍ സംസ്ഥാന മന്ത്രിസഭയും പദ്ധതിയുടെ ചുമതല ഇ. ശ്രീധരനും ഡിഎംആര്സിക്കുമാണെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കരാര്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച് തീരുമാനം നീണ്ടുപോവുകയായിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടറായിരുന്ന ടോം ജോസും ഇ. ശ്രീധരനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. ഡിഎംആര്‍സിക്ക് നിര്‍മ്മാണകരാര്‍ നല്കുന്നതില് ടോം ജോസ് എതിരുമായിരുന്നു. ഈ പ്രശ്നം വഷളായതിനെത്തുടര്‍ന്നാണ് ടോം ജോസിനെ മാറ്റി ഏല്യാസ് ജോര്‍ജിനെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. ഇതൊരു ശുഭസൂചനയായിട്ടാണ് ഏവരും കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ ശരിയായ ട്രാക്കിലെത്തിയില്ല. ഇതില്‍ ഡിഎംആര്‍സിക്ക് കടുത്ത അമര്‍ഷവുമുണ്ട്.
നിര്‍മ്മാണച്ചുമതല സംബന്ധിച്ച് അനുമതി നല്‍കേണ്ടത് കേന്ദ്ര നഗരവികസന വകുപ്പാണ്. ഡിഎംആര്‍സിക്ക് നിര്‍മ്മാണച്ചുമതല നല്‍കുന്നത് സംബന്ധിച്ച ഫയല്‍ ഒരു മാസത്തിലേറെയായി കേന്ദ്ര നഗരവികസന സെക്രട്ടറിയുടെ മുമ്പാകെയാണ്. വ്യക്തമായ തീരുമാനം ഉണ്ടാകാതെ നീണ്ടുപോകുന്നതില്‍ ഏറെ സംശയങ്ങള്‍ ഉടലെടുത്തിരുന്നു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ തന്നെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ചെയര്മാന്.
കെഎംആര്‍എല്‍ ചെയര്‍മാനായ നഗരവികസന സെക്രട്ടറിക്ക് വേണമെങ്കില്‍ ഞൊടിയിടയില്‍ തീരുമാനമെടുക്കാമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാത്തത് തന്നെ ഡിഎംആര്‍സിക്ക് നിര്‍മ്മാണച്ചുമതല നല്‍കേണ്ടതില്ലായെന്ന വ്യക്തമായ സൂചനതന്നെയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിന് കത്തയച്ചിരുന്നു. ഉദ്യോഗസ്ഥരുടെ കളികളെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടത്രേ.
ഇതിനിടയില്‍ മെട്രോ റെയിലിന്റെ 120 ഡിഗ്രിയില്‍ താഴെയുള്ള അഞ്ച് വളവുകള്‍ പരമാവധി നിവര്‍ത്തുവാന്‍ നടപടി വേണമെന്ന നിര്‍ദ്ദേശം ലഭിച്ചതും മറ്റൊരു പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. വളവുകള്‍ നിവര്‍ത്തിയില്ലെങ്കില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി വളവ് 120 ഡിഗ്രിയാണ്.
കൂനിന്മേല് കുരുപോലെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി അട്ടിമറിക്കപ്പെടുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. ഡിഎംആര്‍സിയെ പദ്ധതി നിര്മ്മാണച്ചുമതലയില്നിന്നും ഒഴിവാക്കിയാല്‍ പദ്ധതിയുമായി ഇവര്‍ യാതൊരു തരത്തിലും സഹകരിക്കില്ല. ഇ. ശ്രീധരന്റെ നിലപാട് ഇതുതന്നെയാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുക മാത്രമേ ചെയ്യുകയുള്ളൂ. മറ്റ് കാര്യങ്ങള്‍ ഏറ്റെടുക്കുകയില്ല.
ഈ സാഹചര്യത്തില്‍ പദ്ധതിക്കായി ആഗോള ടെണ്ടര്‍ വിളിക്കേണ്ടിവരും. വീണ്ടും കാലതാമസത്തിന് ഇത് ഇടയാക്കും. എന്തായാലും 19 ന് നടക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ യോഗം നിര്‍ണായകമാണ്. പദ്ധതി നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: