തിരുവനന്തപുരം : ഭൂമിദാന കേസില്‍ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍ തന്നെ സഹായിക്കാനെന്ന പേരില്‍ വേറെ ആരുമായോ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ഇത്തരം ഉദ്യോഗസ്ഥന്മാരുടെ പേരില്‍ അന്വേഷണം നടത്തി നിയമപരമായി നടപടിയെടുക്കണം. ഗൂഢാലോചനയ്ക്കു പിന്നില്‍ ആരെന്ന് തെളിയിക്കേണ്ടത് വിജിലന്‍സും സര്‍ക്കാരുമാണെന്നും വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്റെ കേസുകള്‍ നടത്താന്‍ എനിക്ക് നന്നായിട്ടറിയാം. ഇടമലയാര്‍ കേസിന് പിറകെ 20 വര്‍ഷം നടന്ന് ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അയച്ചു. യുഡിഎഫുകാരെ അഴിമതിക്കേസില്‍ ശിക്ഷിച്ചതുകൊണ്ട് അധികാരത്തില്‍ വന്നശേഷം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിലാണ്. എന്റെ കേസുകള്‍ വാദിക്കുന്നതിന് പ്രഗത്ഭരായ അഭിഭാഷകരെ ചുമതലപ്പെടുത്താറുണ്ട്. ഭൂമിദാനവുമായി ബന്ധപ്പെട്ട് താന്‍ കൊടുത്ത കേസ് 17ന് പരിഗണിക്കാനിരിക്കെ കേസ് കുഴപ്പത്തിലാക്കാന്‍ ചില ഗൂഢ ശക്തികള്‍ നടത്തുന്ന ശ്രമമാണിതെല്ലാം. നടരാജനെ നിയമിച്ചത് താനല്ല. സിപിഎമ്മോ താനോ മാത്രം വിചാരിച്ചാല്‍ വിവരാവകാശ കമ്മീഷന് അംഗങ്ങളെ നിയമിക്കാനാവില്ല. ഭരണ പക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ഒപ്പിട്ടാലേ നിയമനം നടക്കൂ. വിഎസ് പറഞ്ഞു. വിഎസുമായി നടരാജന് ബന്ധമുണ്ടെന്ന് കെ.എം. ഷാജഹാന്റെ പരാമര്‍ശം സംബന്ധിച്ച് ചോദ്യത്തിന് ഷാജഹാന് അധികാരത്തില്‍ വരുന്നവരുടെ ആശ്രിതനായി കയറിയിറങ്ങുകയാണെന്നും എല്ലായിടത്തും കയറിയിറങ്ങുന്ന അവനെ ജനങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളുമെന്നും വിഎസ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഐടി നയം കേരളത്തില്‍ ഐടി വികസനത്തെ പുറകോട്ടടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു. ക്യാബിനറ്റ് അംഗീകരിച്ച ഐടി നയം രഹസ്യമാക്കി വച്ചിരിക്കുകയാണ്.
കുത്തക സോഫ്റ്റ് വെയര്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ വാങ്ങിക്കൂട്ടാനും കേരളത്തിന്റെ ഭൂമി ഐടി വ്യവസായത്തില്‍ പേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് നല്‍കാനും വേണ്ട മാറ്റങ്ങളാണ് കരട് നയത്തില്‍ വരുത്തിയിരിക്കുന്നത്.
സാധ്യമായിടത്തോളം ഇ-ഗവേണന്‍സ് രംഗത്ത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളുടെ ബൗദ്ധിക സ്വത്തവകാശവും കോഡും സര്‍ക്കാരിന്റെ സ്വന്തമായിരിക്കുമെന്നും കരട് നയത്തില്‍ വ്യക്തമാക്കിയിരുന്നു. അംഗീകരിച്ച നയത്തില്‍ അതില്ല. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് അത് നീക്കം ചെയ്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കെഎസ്ഇബിയുടെ എട്ടിലൊന്ന് മാത്രം ഉപഭോക്താക്കളുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഒരു കുത്തക സ്ഥാപനമായ എസ്എപിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. മൈക്രോസോഫ്റ്റ്, എസ്എപി തുടങ്ങിയ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടാനും അതുവഴി പൊതുമേഖലയെ തകര്‍ക്കാനുമാണ് നീക്കം.
ഐടി പാര്‍ക്കുകളല്ല മറിച്ച് ഐടി ടൗണ്ഷിപ്പുകളായിരിക്കും പ്രോത്സാഹിപ്പിക്കുക എന്നാണ് പുതിയ നയത്തില്‍. ഐടി ടൗണ്‍ഷിപ്പിനുള്ളില്‍ ഫ്ലാറ്റുകളും വില്ലകളും മാത്രമല്ല, ഹോട്ടലുകള്‍ തിയേറ്ററുകള്‍ മുതല്‍ ബോട്ട് ക്ലബ്ബുകള്‍ വരെയാണ് വിഭാവനം ചെയ്യുന്നത്. ഐടി ടൗണ്‍ഷിപ്പിന്റെ പേരില്‍ ചില കായലോരങ്ങള്‍ കച്ചവടമാക്കാന്‍ ഗൂഢാലോചന തുടങ്ങി. ഐടി നയം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ചെറുത്തു നില്‍പ്പുണ്ടാകുമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: