ന്യൂദല്‍ഹി: അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. അഴിമതി സംബന്ധിച്ച് വ്യക്തമായ നിര്‍വചനം ഭേദഗതിയിലുണ്ടാവും. അഴിമതിക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നതോടൊപ്പം കളങ്കിതരല്ലാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്‍ ഇടപാടുകളില്‍ കോഴ കൊടുത്ത് ഉത്പന്നങ്ങള്‍ വാങ്ങിപ്പിക്കുന്നവരെയും പുതിയ ഭേദഗതിയില്‍ അഴിമതിക്കാരുടെ പട്ടികയില്‍ കൊണ്ടു വരും. ദല്‍ഹിയില്‍ നടക്കുന്ന സി.ബി.ഐയുടെ പത്തൊമ്പതാമത് സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സത്യസന്ധരായ ജീവനക്കാരെ ഫലപ്രദമായി എങ്ങനെ സംരക്ഷിക്കാമെന്ന കാര്യവും പരിശോധിച്ചു വരികയാണ്. അഴിമതിയുടെ പേരില്‍ പുകമറ സൃഷ്ടിക്കുന്നതും വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നല്ലതല്ല. രാജ്യത്തിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. നിരപരാധികളെ പീഡിപ്പിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്താന്‍ ഏതു തരത്തിലുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. അഴിമതി പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന അര്‍ത്ഥശൂന്യമായ നിലപാടുകള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അഴിമതി തടയുന്നതിന് അന്വേഷണ ഏജന്‍സികള്‍ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തണം. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും മന്മോഹന് സിംഗ് പറഞ്ഞു.
1990കളില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നയങ്ങള്‍ അഴിമതി കുറയ്ക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: