തിരുവനന്തപുരം: ഭൂമിദാന കേസില്‍ നിന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍ സമ്മര്‍ദം. പ്രതിപ്പട്ടികയില്‍ നിന്നു വിഎസിനെ ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു വിവരാവകാശ കമ്മിഷണര്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
വി.എസിനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന് അംഗം കെ. നടരാജന് ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി. കുഞ്ഞനെ ഫോണിലൂടെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന റിപ്പോര്ട്ടിന്മേലാണ് അന്വേഷണം. എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു നടരാജന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 19ന് വിളിച്ചപ്പോള്‍ ഡിവൈഎസ്പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതിന്റെ സിഡിയും വിജിലന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഭൂമി ദാനത്തിന്റെ ഗുണഭോക്താവായ ബന്ധു സോമനുമായി വിഎസിനുള്ള രൂപ സാദൃശ്യം ചൂണ്ടിക്കാട്ടി സോമന് നേരിട്ടാണു സെക്രട്ടേറിയറ്റിലും മറ്റും ഇടപെടലുകള്‍ നടത്തിയതെന്നു മൊഴി മാറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്. പൊതുവെ അഴിമതിക്കാരനായ വ്യക്തിയെന്നു വിഎസിനെ കരുതാനാകില്ലെന്നും മുന്‍പു പ്രതിരോധ മന്ത്രി എ.കെ. ആന്റണി അടക്കമുള്ളവരെക്കുറിച്ചും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതു തേഞ്ഞുമാഞ്ഞു പോകുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളതെന്നും നടരാജന് വാദിക്കുന്നു.
ഭൂമിദാനക്കേസില്‍ അച്യുതാനന്ദനാണ് മുഖ്യപ്രതി. വി.എസിന്റെ ബന്ധു ടി.കെ. സോമന്, വി.എസിന്റെ പിഎ എ. സുരേഷ്, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, എന്‍.എ. കൃഷ്ണന്‍കുട്ടി, എന്നിവരാണു മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: