തിരുവനന്തപുരം: സബ്സിഡിയോടെയുള്ള പാചക വാതക സിലിണ്ടറുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ പാചകവാതക ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
പാചക വാതക റീഫില്ലിംഗ് സ്റ്റേഷനുകളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകള്‍ക്ക് മുന്നിലുമാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാചകവാതക പ്രശ്നത്തില്‍ ജനങ്ങളുടെ അമര്‍ഷം വന്‍തോതില്‍ ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അതിനിടയാക്കിയ നടപടികള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അതിനു സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒരു വrഷം12 ആക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പാചകവാതക വില വര്‍ദ്ധനയും സിലിണ്ടര്‍ ക്ഷാമവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അയല്‍രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഇന്ത്യയിലേതിനേക്കാള്‍ വിലക്കുറവാണ്. എണ്ണകമ്പനികള്‍ കോടികളുടെ ലാഭത്തിലാണെന്നും പിണറായി പറഞ്ഞു.
കുടുംബശ്രീയെ തകര്‍ക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനശ്രീ എന്ന സംഘടന പൊതുസംഘടനയല്ല. അതിനാല്‍ തന്നെ പൊതുപണം ആ സംഘടനയ്ക്ക് നല്‍കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.
ജനശ്രീ ഡയറക്ടര്‍ ബാലചന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. സെക്രട്ടേറിയറ്റ് പടിക്കല്‍ കുടുംബശ്രീ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: