മൊഗാദിഷു: സൊമാലിയന്‍ പ്രധാനമന്ത്രിയായി അബ്ദി ഫറ ഷിര്ഡോണ് സെയ്ദിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഹസന് ഷെയ്ഖ് മുഹമ്മദാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. സൊമാലിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നിട്ട് ഒരു മാസം പിന്നിടുന്നതിനിടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
സൊമാലിയന്‍ രാഷ്ട്രീയത്തിലെ പുതുമുഖമാണു അബ്ദി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഇദ്ദേഹം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രസിഡന്റ് അറിയിച്ചു. പ്രമുഖ ബിസിനസുകാരനായ അബ്ദി സൊമാലിയയിലെ പ്രശസ്ത സമാധാന പ്രവര്‍ത്തകയും ഫെഡറല്‍ പാര്‍ലമെന്റ് അംഗവുമായ ആഷാ ഹാജി എല്‍മിയുടെ ഭര്‍ത്താവുമാണ്.
സൊമാലിയന്‍ രാഷ്ട്രീയത്തില്‍ നവാഗതനാണെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഷിര്‍ദോന്‍ സയിദിനു കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് മഹമൂദ് പറഞ്ഞു. ഇരുപതു വര്‍ഷം നീണ്ട ആഭ്യന്തരകലാപത്തിനു ശേഷം സെപ്റ്റംബര്‍ പത്തിനു നടന്ന വോട്ടെടുപ്പിലാണ് മഹമൂദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ മന്ത്രിസഭ രൂപീകരിച്ച ശേഷം പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നേരിടും. ഇതില്‍ വിജയിച്ചാല്‍ സയിദിന്റെ ടീമിനു മുന്നോട്ടുപോകാന്‍ കഴിയുമെന്ന് മഹമൂദ് പറഞ്ഞു.
പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയാല്‍ ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് സയിദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: