ന്യൂദല്‍ഹി: ദുരഭിമാനക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദല്‍ഹി കോടതി വധ ശിക്ഷ വിധിച്ചു. 2010 ല്‍ സ്വരൂപ് നഗറില്‍ താണജാതിയില്‍ നിന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയേയും കാമുകനെയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ സൂരജ്, മായ, അമ്മാവന് ഓംപ്രകാശ്, ഓംപ്രകാശിന്റെ ഭാര്യ ഖുശ്ബൂ, സഹോദരന് സഞ്ജീവ് എന്നിവരാണ് കേസിലെ പ്രതികള്‍. രോഹിണി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രമേശ് കുമാര്‍ സിംഗാളാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
മര്‍ദ്ദിച്ചവശരാക്കിയ കമിതാക്കളെ കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പട്ടികജാതിവിഭാഗത്തിലുള്ള യോഗേഷും(20) ഉയര്‍ന്ന ജാതിയിലുള്ള ആശ(19)യുമാണ് ജാതി മാറി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് വീട്ടില്‍ അറിയിച്ചതിന് ശേഷം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം.
എന്നാല്‍ ആശയുടെ അമ്മാവന് ഓംപ്രകാശിന്റെ വീട്ടിലേക്ക് യോഗേഷിനെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യോഗേഷുമായുള്ള വിവാഹതീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന ആശയെ ഇവിടെ തടവിലാക്കിയിരിക്കുകയായിരുന്നെന്ന് ഓംപ്രകാശിന്റെ അയല്പക്കക്കാര് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിക്കൂടിയ അയല്പക്കക്കാരുടെ പ്രതിഷേധം വക വയ്ക്കാതെയാണ് സംഘം ഇരുവരെയും കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: