ബംഗളൂരു: കാവേരി പ്രശ്നത്തില്‍ ഇന്ന് കര്‍ണാടകയില്‍ ബന്ദ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ഫെഡറേഷന് ഓഫ് കര്‍ണാടക ഓര്‍ഗനൈസേഷന്‍സാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഭരണകക്ഷിയായ ബിജെപിയും പിന്തുണയറിയിച്ചിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് ജലം നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുന്നത്. ബന്ദിനെത്തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുടങ്ങും.
അതേസമയം, തമിഴ്നാടിന് ജലം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡി.കെ.ജയ്നിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തമിഴ്നാടിന് പ്രതിദിനം 9000 ഘനയടി ജലം വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശിച്ച് കഴിഞ്ഞമാസം 28നാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ജലം നല്‍കിയതോടെ കടുത്ത വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തെ കൃഷിഭൂമികള്‍ തരിശാകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കാവേരി നദീജലപ്രശ്നത്തില്‍ സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധ സമരം തുടരുകയാണെന്നും കര്‍ണാടക ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തമിഴ്നാടിന് ജലം നല്‍കുന്നത് നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സംസ്ഥാനത്ത് പ്രതിഷേധ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം കൃഷ്ണരാജസാഗര്‍ അണക്കെട്ടിന് സമീപം വിന്യസിച്ചിരുന്ന ദ്രുതകര്‍മ്മ സേനക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. പ്രക്ഷോഭ കേന്ദ്രമായ മാണ്ഡ്യ ജില്ലയിലെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു. ബാംഗ്ലൂര്‍ മൈസൂര്‍ പാതയില്‍ റോഡ്- റെയില്‍ ഗതാഗതം പ്രതിഷേധക്കാര്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: