ന്യൂദല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഹിമാചല്‍പ്രദേശില്‍ നവംബര്‍ നാലിനും ഗുജറാത്തില്‍ ഡിസംബര്‍ 13, 17 തീയതികളില്‍ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളിലും ഡിസംബര്‍ 20ന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഹിമാചലില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗത്തില്‍ കമ്മീഷണര്‍മാരായ എച്ച്.എസ്.ബ്രഹ്മ, നസീം സെയ്ദി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര സുരക്ഷാ സേനകളെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തി. പണത്തിന്റെ ദുര്‍വിനിയോഗം തടയാന്‍ റവന്യൂ ഉദ്യോഗസ്ഥരും രംഗത്തിറങ്ങും. ഗുജറാത്തില്‍ 3.78 കോടി വോട്ടര്‍മാരും ഹിമാചലില്‍ 4.5 കോടി വോട്ടര്‍മാരുമാണുള്ളത്.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 35,000ത്തോളം കേന്ദ്ര അര്‍ധസേനാ വിഭാഗങ്ങളെയും സംസ്ഥാന പോലീസില്‍നിന്ന് 55,000ത്തോളം പേരെയും വിന്യസിച്ചേക്കും. ഹിമാചലില്‍ 9000ത്തോളം അര്‍ധസേനാ വിഭാഗങ്ങളെയും 14000ത്തോളം സംസ്ഥാന പോലീസ് സേനാംഗങ്ങളെയും വിന്യസിക്കും. പണത്തിന്റെ സ്വാധീനം ഉണ്ടാകാനിടയുള്ള മണ്ഡലങ്ങള്‍ കമ്മീഷന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുജറാത്ത് നിയമസഭാ കാലാവധി അടുത്തവര്‍ഷം ജനുവരി 17നും ഹിമാചലില്‍ ജനുവരി 10നും അവസാനിക്കും. ഗുജറാത്തില്‍ 182 നിയമസഭാ മണ്ഡലങ്ങളും ഹിമാചലില്‍ 68 മണ്ഡലങ്ങളുമാണുള്ളത്. ഗുജറാത്തില്‍ 13 മണ്ഡലങ്ങള്‍ പട്ടികജാതിക്കാര്‍ക്കും 26 എണ്ണം പട്ടികവര്‍ഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഹിമാചലില്‍ ഇത് യഥാക്രമം 17ഉം മൂന്നുമാണ്.
ഇതേസമയം, ഇരു സംസ്ഥാനങ്ങളിലും അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍, അടുത്തയിടെ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ബിജെപി ഭരണ സംസ്ഥാനങ്ങളിലെ സല്‍ഭരണം പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ അനുയോജ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. സൂരജ്കുണ്ഡില്‍ അടുത്തയിടെ നടന്ന യോഗത്തിലും ഹിമാചല്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുയോജ്യമാണെന്ന് വിലയിരുത്തപ്പെട്ടു.
ഗുജറാത്തും ഹിമാചലും അഴിമതിരഹിത സംസ്ഥാനങ്ങളാണ്. അതേസമയം, കോണ്‍ഗ്രസിനെതിരെ വമ്പന്‍ അഴിമതിയാരോപണങ്ങള്‍ ഉയരുകയും ചെയ്യുന്നു. സാമ്പത്തിക വികസനം, സല്‍ഭരണം, മികച്ച കാര്‍ഷിക വ്യാവസായിക വളര്‍ച്ച, ഉയര്‍ന്ന തൊഴിലവസരങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ബിജെപി സംസ്ഥാനങ്ങള്‍ക്ക് എടുത്തുപറയാനുള്ള നേട്ടങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: