രാജ്കോട്ട്: വിദേശ യാത്രകള്‍ക്കായി കോടികള്‍ ധൂര്‍ത്തടിച്ചുവെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മറുപടിയില്ല. സോണിയാഗാന്ധിയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 1880 കോടിയോളം രൂപ ധൂര്‍ത്തടിച്ചതായി നേരത്തെ നരേന്ദ്രമോഡി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതെ മോഡിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് സോണിയാഗാന്ധി തുടക്കം കുറിച്ചു.
തനിക്കെതിരെ വ്യക്തിപരമായി നടക്കുന്ന ആക്രമണങ്ങളെ വകവെക്കുന്നില്ലെന്ന് പറഞ്ഞ സോണിയ, മോഡിസര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ആശങ്കയൊന്നുമില്ലെന്ന് സൗരാഷ്ട്ര മേഖലയില്‍ കര്‍ഷകറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.
തന്റെ വിദേശ യാത്രകള്‍ക്കായി കോടികള്‍ ധൂര്ത്തടിച്ചതായുള്ള ആരോപണത്തെക്കുറിച്ച് സോണിയ പരാമര്‍ശിക്കുകപോലും ചെയ്തില്ല. ഇന്നലെ രാവിലെ ഇവിടെ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ രാമകൃഷ്ണമിഷന്‍ ക്ഷേത്രവും മഹാത്മാഗാന്ധി ബാല്യകാലം ചെലവഴിച്ച ഗാന്ധിസ്മൃതിയും സന്ദര്‍ശിച്ചു.
കഴിഞ്ഞദിവസം ജെസാറില് ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സോണിയാഗാന്ധിയുടെ ധൂര്‍ത്ത് നരേന്ദ്രമോഡി ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മോഡിയുടെ ആരോപണം നേരത്തെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് നിഷേധിച്ചിരുന്നു. എന്നാല്‍ സോണിയയുടെ തന്ത്രപരമായ മൗനം കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തിരിക്കയാണ്. ഇതിനിടെ, ചികിത്സക്കായി ചെലവഴിച്ച തുക സര്‍ക്കാരില്‍നിന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് പറയുന്നു. സോണിയാഗാന്ധിയുടെ ചികിത്സക്കായി ചെലവാക്കിയ പണത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ ഉപദേശക കൗണ്‍സില്‍ ലോക്സഭ സെക്രട്ടറിയേറ്റ്, വിദേശകാര്യം, പാര്‍ലമെന്ററി കാര്യം, സ്ഥിതിവിവര, പദ്ധതി നടത്തിപ്പ് മന്ത്രാലയങ്ങളില്നിന്നെല്ലാം തേടിക്കൊണ്ട് മൊറാദാബാദുകാരനായ നവീന്‍ കുമാര്‍ നല്കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര ഈ മറുപടി നല്‍കിയിരിക്കുന്നത്. സോണിയയുടെ ചികിത്സക്കായി ഏതെങ്കിലും വ്യക്തി ഇന്ത്യയിലൊ വിദേശത്തോ പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ പറ്റില്ലെന്നും അദ്ദേഹം ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: