ന്യൂദല്‍ഹി: ശബരിമല ഉള്‍പ്പെടെ കടവാ സങ്കേതങ്ങളോട് ചേര്‍ന്നുള്ള ആരാധനാലയങ്ങളില്‍ തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പ്രായോഗികമല്ലെന്ന് കേരളാ സര്‍ക്കാര്‍. കടുവാ സങ്കേതങ്ങള്‍ക്കുള്ള നിയന്ത്രണം ശബരിമലയെ ബാധിക്കുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനിടയുണ്ടാക്കുമെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് ശബരിമലയില്‍ തീര്‍ത്ഥാടകരെത്തുന്നത്. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അവരുടെ വികാരം വ്രണപ്പെടാനിടയാക്കും. മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുള്ള കാര്യങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകരെ വിനോദ സഞ്ചാരികളായി കാണാനാകില്ല. ക്ഷേത്രവരുമാനത്തിന്റെ പത്ത് ശതമാനം തുക പ്രദേശത്തിന്റെ വികസനത്തിനായി നല്‍കണമെന്ന നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമേ നടന്നിട്ടുള്ളൂ. കടുവാ സങ്കേതങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ ഇവ മാറ്റുക പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: