തൃശൂര്‍ : തങ്ങളുടെ ജീവന് കാര്‍ന്നുതിന്നുന്ന മാലിന്യ നിക്ഷേപത്തിനെതിരെ ലാലൂര്‍ ജനതയുടെ സമരപോരാട്ടത്തിന് കാല്‍നൂറ്റാണ്ട്. ഒരു ജനതയുടെ പ്രതിഷേധസമരം ഇന്നും അധികൃതര്‍ ചെവിക്കൊള്ളാതെ നില്ക്കുമ്പോള് ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നത് ലാലൂരുകാരുടെ ജീവിതങ്ങളാണ്. ഒട്ടനവധി പ്രഖ്യാപനങ്ങളും വിധികളും മാലിന്യത്തിനെതിരെ നേടിയിട്ടും ഇന്നും ഈ മാലിന്യമലക്ക് ചുറ്റും അതിലൂടെ പുറത്തുവരുന്ന വിഷപ്പുക ശ്വസിച്ചുമാണ് ലാലൂരുകാര്‍ ഇന്നും കഴിയുന്നത്.
1988 ഒക്ടോബര്‍ 2നാണ് തങ്ങളുടെ ജീവനും വരാന്‍ പോകുന്ന തലമുറകളുടെ കഴുത്തറുക്കുന്ന മാലിന്യ വിപത്തിനെതിരെ ലാലൂര്‍ ജനത സമര രംഗത്തേക്ക് ഇറങ്ങിയത്. എന്‍.വി.ആര്യന് ചെയര്‍മാനും ടി.കെ.വാസു വൈസ് ചെയര്‍മാനുമായി രൂപീകരിച്ച ലാലൂര്‍ മലിനീകരണ വിരുദ്ധസമരസമിതി അന്ന് അയ്യന്തോള്‍ പഞ്ചായത്തിന് മുന്നില്‍ റിലെ സത്യാഗ്രഹം നടത്തിക്കൊണ്ടാണ് സമരം ആരംഭിച്ചത്.
തൃശൂര്‍ പൂരം എക്സിബിഷന് പ്രദര്‍ശനത്തില്‍ മെഡിക്കല്‍ കോളേജ് പവലിയനില്‍ നിന്നും പുറന്തള്ളപ്പെട്ട ചാപ്പിള്ളയെ ലാലൂര്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ പരസ്യമായി വലിച്ചെറിയുകയും തുടര്‍ന്ന് നായ്ക്കള്‍ കടിച്ചുവലിച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അന്ന് സമരരംഗത്തേക്ക് ഇറങ്ങിയത്. പിന്നീട് പതിറ്റാണ്ടുകളോളമായി ഈ ഭാരം ലാലൂരുകാര്‍ ചുമക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി, ശ്വാസതടസ്സം, വിഷപ്പുക എന്നിവ മൂലം ഇതിനോടകം പതിനഞ്ചുപേരെ ലാലൂരുകാര്‍ക്ക് ബലി നല്‍കേണ്ടി വന്നു.
അലക്ഷ്യമായ മാലിന്യനിക്ഷേപം മൂലം വഴിയില്‍കൂടി നടക്കാന്‍ പറ്റാത്ത ഗതികേടിലാണ് ലാലൂരുകാര്‍. തെരുവ് നായ്ക്കളുടെ അതീവ ശല്യവും വിവരിക്കാനാവില്ല. തെരുവ് വിളക്കുകള്‍ പോലുമില്ലാത്ത കാലഘട്ടത്തില്‍ മാലിന്യം കുമിഞ്ഞുകൂടുമ്പോള്‍ ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയപ്പോള്‍ സമരസമിതിക്കാര്‍ക്കെതിരെ വന്നുചേര്‍ന്നത് കേസുകളുടെ നീണ്ടനിരയാണ്. നാളിതുവരെയായി സമരരംഗത്തേക്ക് ഇറങ്ങിയപ്പോള്‍ ഇതിന് പിന്തുണയുമായി കുഞ്ഞുണ്ണിമാഷ്, പവനന്, മുല്ലനേഴി, ഡോ.വയലാവാസുദേവപിള്ള, നടന് തിലകന്, ഡോ.രാഹുലന്, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടുമാര്‍ തുടങ്ങിയവരും ലാലൂരുകാരുടെ ഈ ദുരിതപൂര്‍ണമായ ജീവിതത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരപോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
കെ.ജെ.യേശുദാസടക്കമുള്ളവര്‍ സമരരംഗത്തേക്ക് ഇറങ്ങിവന്നിട്ടും. കോര്‍പ്പറേഷനോ മാറിമാറി വന്ന ഭരണസമിതികളോ ലാലൂരുകാരുടെ ജീവിതം രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയില്ല. ഹൈക്കോടതി അടക്കം ഇവിടെ മാലിന്യനിക്ഷേപം പാടില്ലെന്നു വിധിച്ചിട്ടും എല്എഡിഎഫോ യുഡിഎഫോ ഇതെല്ലാം ചവറ്റുകൊട്ടയില്‍ ഇടുകയായിരുന്നു. ലാമ്പ്സ് പോലുള്ള പദ്ധതികള്‍ പോലും ചുവപ്പുനാടയിലും അട്ടിമറികളിലും പെട്ട് നശിച്ചു. മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ അധികൃതര്‍ തിന്ന് കൊഴുത്തപ്പോള്‍ നഷ്ടമായത് ലാലൂരുകാരുടെ ജീവിതമായിരുന്നു. ലാലൂരുകാര്‍ നടത്തിയ സമരപോരാട്ടങ്ങളില്‍ എല്ലാംതന്നെ അനുകൂല വിധിയാണ് അവര്‍ക്ക് ലഭിച്ചത്.
ഇപ്പോള്‍ പോരാട്ടങ്ങളുടെ ഫലമായി താല്‍ക്കാലികമായി ലാലൂരിലേക്ക് മാലിന്യം കൊണ്ടുവരുന്നത് നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ഏത് സമയവും നഗരത്തിന്റെ കുപ്പത്തൊട്ടിയായി ലാലൂര്‍ മാറുമെന്ന് തന്നെയാണ് ഇവിടത്തുകാര്‍ കരുതുന്നത്. ദുരിതങ്ങളില്‍ നിന്നും ദുരിതത്തിലേക്ക് തള്ളിവിടുമ്പോഴും സമരപോരാട്ടത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ഇതുവരെയും ലാലൂരുകാര്‍ തയ്യാറായിട്ടില്ല. സമരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കേരളത്തിലെ മലിനീകരണ വിരുദ്ധ സമരപ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുവാനും ലാലൂരിനെ ഹരിതനഗരമാക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നടുവാനും ലാലൂരിനെ സീറോ വേസ്റ്റ് ആക്കുന്നതിനുവേണ്ടിയുള്ള ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: