ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആരോപണവിധേയനായ കല്ക്കരിയിടപാടിലെ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ക്ക് പുതിയ പരാതി.അനധികൃതമായി കല്‍ക്കരി ബ്ലോക്കുകള്‍ സ്വന്തമാക്കിയ ചില സ്വകാര്യ സ്ഥാപനങ്ങളും എക്സിക്യൂട്ടിവുകളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് സിവിസിക്ക് പരാതി കിട്ടിയിരിക്കുന്നത്. പരാതിയില്‍ ചിലത് സിബിഐക്കും കൈമാറിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചുവരികയാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെ ഒരു മുതിര്‍ന്ന സിവിസി ഉദ്യോഗസ്ഥന് അറിയിച്ചു.
ഇതുവരെയുള്ള അന്വേഷണത്തിനിടെ സ്വകാര്യ കമ്പനികള്‍ക്കും അജ്ഞാതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ ഏഴ് എഫ്ഐആറുകള്‍ ഫയല്‍ചെയ്തു. ബിജെപി നേതാക്കളായ പ്രകാശ് ജാവ്ദേക്കര്‍, ഹന്സ്രാജ് ആഹിര്‍ എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്ക്കരിയിടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസ് കഴിഞ്ഞ മെയ് മാസത്തിലാണ് സിവിസി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐക്ക് റഫര്‍ ചെയ്തത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചത് ചില സ്വകാര്യകമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2006-2009 കാലയളവിലെ കല്ക്കരിയിടപാടുകളാണ് സിബിഐ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: