കൊച്ചി: കൊടുങ്ങല്ലൂരില്‍ വച്ച് കായംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി ജിത്തു മോഹന്‍ ഗുരുതരമായി പൊള്ളലേറ്റ സംഭവം ക്രൂരമായ കൊലപാതകശ്രമമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും പോലീസുകാരനുമായ ആള് വളരെ ആസൂത്രിതമായി നടത്തിയ ക്രൂരകൃത്യമാണിതെന്ന് സംശയിക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ ജിത്തുമോഹന്‍ മജിസ്ട്രേറ്റിനു നല്കിയ മൊഴിയില്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിലാണ് തന്നെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ തന്നെ മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ജിത്തു മോഹന്‍ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതാണെന്ന പ്രചരണമാണ് പോലീസും ചില തല്പരകക്ഷികളും ചേര്‍ന്ന് നടത്തുന്നത്. ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം. ജിത്തു മോഹന്റെ മൊഴിയനുസരിച്ച് പോലീസ് കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റുചെയ്യണം. കുറ്റക്കാരെ സംരക്ഷിക്കാനുള്ള പോലീസിന്റെ ഗൂഢശ്രമത്തിനെതിരെ ഹിന്ദുഐക്യവേദി ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ബാബു അറിയിച്ചു.
യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂര്‍ താലൂക്ക് സമിതിയും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി മതംമാറ്റത്തിനു പ്രേരിപ്പിക്കുകയും ഇത് വിസമ്മതിച്ചതിനെതുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. പോലീസുകാരന്റെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് എം.മധുസൂദനന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ല സംഘടനാ സെക്രട്ടറി രാജീവ് ചാത്തംമ്പിള്ളി, ജില്ലാ സെക്രട്ടറി സി.സി.അശോകന്, താലൂക്ക് സെക്രട്ടറി കെ.പി.ശശീന്ദ്രന്, സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: