തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളു നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ലീഗും കോണ്‍ഗ്രസും. കള്ളുനിരോധത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിെന്റ പ്രസ്താവനക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി. കള്ളു നിരോധനം അപ്രായോഗികമാണെന്ന് പറഞ്ഞ ചെന്നിത്തല കേരളത്തില്‍ ഒരുപാടുപേര് ഈ തൊഴിലിനെ ആശ്രയിച്ചു കഴിയുന്നുണ്ടെന്നും ബാറുകളൂടെ പ്രവര്‍ത്തന സമയം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പറഞ്ഞു.
കള്ളു നിരോധത്തെക്കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാര്‍ ഗൗരവതരമായി കാണണമെന്നും സമ്പൂര്‍ണ മദ്യനിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ലീഗ് പ്രവര്‍ത്തക സമിതിക്കുശേഷം പ്രസ്താവിച്ചത്.
കള്ള് വ്യവസായം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടേയെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്.
കള്ളുവ്യവസായം അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും നിര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നാണു കോടതി ആവശ്യപ്പെട്ടത്. പഴയ തലമുറയാണ് ഇപ്പോഴും കള്ളു ചെത്തുന്നത്. ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു വരുന്നില്ല. ആവശ്യമായ കള്ള് ഉത്പാദിപ്പിക്കാത്തതിനാല്‍ വ്യാജക്കള്ള് സംസ്ഥാനത്ത് വ്യാപിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ബഷീര്‍ കള്ളു ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
സിഗററ്റിന്റെ ഉപഭോഗം കുറഞ്ഞപ്പോള്‍ ബീഡിമേഖലയും മൊബെയില്‍ ഫോണുകള്‍ വ്യാപകമായപ്പോള്‍ അടച്ചുപൂട്ടേണ്ടിവന്ന എസ്.ടി.ഡി ബൂത്തുകളിലെ ജീവനക്കാരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയതുപോലെ കള്ളുനിര്‍ത്തുമ്പോള്‍ ആ മേഖലയിലെ തൊഴിലാളികളും മറ്റ് സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും. അല്ലെങ്കില്‍ അവരെ പുനഃരധിവസിപ്പിക്കണം എന്നാണ് ലീഗ് പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ കള്ളുചെത്തും വില്‍പ്പനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചെത്ത് നാമമാത്രമാണ്. കള്ളുഷാപ്പുകളുടെ എണ്ണമാണെങ്കില്‍ വളരെക്കൂടുതലും. അതുകൊണ്ട് ഈ നിരീക്ഷണം മുഖവിലക്കെടുത്ത് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണം. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ എല്ലാ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളണം. മദ്യമേഖലയില്‍ ചെലവാകുന്ന പണവും നഷ്ടപ്പെടുന്ന ആരോഗ്യവും വാഹനാപകടങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ഇതിലൂടെ ഉണ്ടാകുന്ന നേട്ടം വെറും താല്ക്കാലികമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണം, മുസ്ലീംലീഗ് ആവശ്യപ്പെട്ടു. കള്ള് നിരോധനമല്ല നിര്‍മ്മാര്‍ജ്ജനമാണ് വേണ്ടതെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: