തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഭാഗികമായി അന്വേഷണം സിബിഐയ്ക്കു കൈമാറുകയാണെങ്കില്‍ നിലവിലുള്ള പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാകുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ടി.പി. ചന്ദ്രശേഖരന് വധത്തില്‍ 76 പ്രതികളെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ പ്രതികളെ കൂടാതെ ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം നേതാക്കളുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നാണു ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും ആര്‍എംപിയും ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
പാതിവഴിയില്‍ അന്വേഷണം സിബിഐയ്ക്കു കൈമാറിയാല്‍ നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വിചാരണ നടപടികള്‍ നീണ്ടുപോകുമെന്നും നിയമോപദേശത്തിലുണ്ട്. അന്വേഷണം അപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് കോടതിയെ സമീപിക്കാം. ഭാഗികമായ അന്വേഷണം സിബിഐ ഏറ്റെടുക്കാനുള്ള സാധ്യതയില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. മാറാട് കലാപത്തിന്റെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സിബിഐ തള്ളിയിരുന്നു. കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് നല്കിയ സാഹചര്യത്തില്‍ ഭാഗികമായ അന്വേഷണം ഏറ്റെടുക്കില്ലെന്നായിരുന്നു സിബിഐ നിലപാട്.
ഈ സാഹചര്യത്തില്‍ സിബിഐയ്ക്ക് അന്വേഷണം കൈമാറുന്നതു പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്നാണ് നിയമവിദഗ്ധരുടെ ഉപദേശം. അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതില്‍ എതിര്‍പ്പില്ലെങ്കിലും വിചാരണാ നടപടികള്‍ നീണ്ടുപോകുമെന്ന ആശങ്ക പ്രത്യേക അന്വേഷണ സംഘവും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: