കൊച്ചി: തൃപ്പൂണിത്തുറ രാജനഗരിയുടെ കലാവിളക്കായ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സ് പ്ലാറ്റിനംജൂബിലിയുടെ നിറവില്‍. 1936 ല്‍ കൊച്ചി രാജകുടുംബാംഗമായ കേരളവര്‍മ്മ മിടുക്കന് തമ്പുരാന്റെയും ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ കലാക്ഷേത്രത്തിന് രാജാവിന്റെ മകന് രാധയുടെയും ഭാര്യ ലക്ഷ്മിയുടെയും പേരുകള്‍ ചേര്‍ന്ന് രാധാലക്ഷ്മിവിലാസം അക്കാദമി (ആര്‍എല്‍വി) എന്ന് പേര് നല്‍കിയത്. 1956 ല്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. സംഗീതത്തിലും ഫൈന്‍ ആര്‍ട്സിലും 13 ബിരുദ കോഴ്സുകളും 13 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇപ്പോള്‍ ഇവിടെയുണ്ട്. 1998 ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അഫിലിലേറ്റ്ചെയ്തു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി കോളേജില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ബാലസുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സപ്തസ്വര, താള മേള നൃത്ത, ചിത്രകലാ പഠനത്തിന്റെ സര്‍വകലാശാലയായ ആര്‍എല്‍വിയുടെ ചരിത്രപ്രധാനമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. കോളേജ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള 1500 പേര്‍ക്കിരിക്കാവുന്ന പന്തലില്‍ സപ്തദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന അഖിലഭാരതീയ സംഗീത, നാട്യ, ചിത്ര, ശില്പ, പരസ്യകലാ വിദ്യാഭ്യാസ സമ്മേളനം, സംഗീത നാട്യോത്സവം, ചിത്രശില്പ, പരസ്യകലാ പ്രദര്‍ശനം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ലോകപ്രശസ്തരായ കലാകാരന്മാരും കലാകാരികളും പണ്ഡിത ശ്രേഷ്ഠന്മാരും വാദ്യോപകരണ വിദ്വാന്മാരും ചിത്രകാരന്മാരും അണിനിരക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 3 ന് വൈകിട്ട് 6 ന് സംസ്ഥാന എക്സൈസ്-ഫിഷറീസ് വകുപ്പുമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷന്‍ ആര്. വേണുഗോപാല്‍ അധ്യക്ഷതവഹിക്കും. ആര്‍എല്‍വിയുടെ സന്താനമായ ലോകപ്രശസ്ത സംഗീതജ്ഞന് ഡോ. കെ.ജെ. യേശുദാസിന്റെ 50 വര്‍ഷത്തെ സംഗീതസപര്യയുടെ പൂര്‍ണതയില്‍, കലാവിദ്യാര്ത്ഥികളുടെയും കലാസ്വാദകരുടെയും കലാലോകത്തിന്റെയും ആദരം അറിയിക്കുകയും മനുഷ്യസ്നേഹത്തിന് മുന്‍തൂക്കം നല്കി സംഗീതത്തിന് ജീവിതം സമര്‍പ്പിച്ചിട്ടുള്ള കെ.ജെ. യേശുദാസിനെ ആര്എല്വിക്കുവേണ്ടി ആദരിക്കും. കോളേജ് വികസനസമിതിയുടെ അധ്യക്ഷനും ജില്ലാ കളക്ടറുമായ ഷേക്ക് പരീത് യേശുദാസിന് ഉപഹാരം സമര്‍പ്പിക്കും. ആര്‍എല്‍വിയിലെ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ള ‘സാധന’ ഹൃസ്വകാല വിദ്യാഭ്യാസ പരിപാടി പ്രശസ്ത വയലിന് വിദ്വാനും തൃപ്പൂണിത്തുറയുടെ സന്താനവുമായ സംഗീതകലാനിധി പ്രൊഫ. ടി.എന്‍. കൃഷ്ണന് ഉദ്ഘാടനംചെയ്യും. പ്ലാറ്റിനം ജൂബിലി സ്മാരകമായി കോളേജ് വികസനസമിതിയുടെ തുക വിനിയോഗിച്ച് കോളേജില്‍ സജ്ജമാക്കിയിട്ടുള്ള റെക്കോഡിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം യേശുദാസ് നിര്‍വഹിക്കും.
സമ്മേളനത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് സി.എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ നന്ദകുമാര്‍ വര്‍മ്മ, മൃദംഗവിദ്വാന്‍ പത്മഭൂഷണ്‍ ഡോ. ടി.വി. ഗോപാലകൃഷ്ണന്, പാലക്കാട്് മണി അയ്യരുടെ പുത്രനും മൃദംഗവിദ്വാനുമായ പാലക്കാട് ആര്. രാജാമണി, പിടിഎ വൈസ് പ്രസിഡന്റ് ഡോ. താരാ കല്യാണ്‍, മാവേലിക്കര സുബ്രഹ്മണ്യം, കെ. സിദ്ധാത്ഥന്‍, കോളേജ് യൂണിയന് ചെയര്മാന് കെ.വി. കിരണ്‍ രാജ്, കോളേജ് കൗണ്‍സില്‍ അംഗം എബ്രഹാം ജോസഫ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന സംഗീതസദസില്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസ് (വായ്പ്പാട്ട്), മഹാദേവശര്‍മ്മ (വയലിന്), ചങ്ങനാശ്ശേരി ഹരികുമാര്‍ (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന് (ഘടം) എന്നിവര്‍ പങ്കെടുക്കും.
ഒക്ടോബര്‍ നാലിന് രാവിലെ 10 ന് ‘ശാസ്ത്രീയസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും’ എന്ന വിഷയത്തില്‍ ഡോ. ടി.വി. ഗോപാലകൃഷ്ണന് സോദാഹരണ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 ന് ‘കലയും മനസംസ്ക്കരണവും’ എന്ന വിഷയത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പ്രഭാഷണം നടത്തും. 4 മണിക്ക് ‘വാര്‍ത്താചിത്രങ്ങള്‍’ എന്ന വിഷയത്തില്‍ ജോസ്കുട്ടി പനയ്ക്കല്‍ പ്രഭാഷണം നടത്തും. 5.45 ന് ചിത്രശില്പ, പരസ്യകലാ പ്രദര്‍ശനത്തിന്റെയും നാട്യോത്സവത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനംചെയ്യും. ലോകപ്രശസ്ത വയലിന്വിദ്വാന് പ്രൊഫ. ടി.എന്‍. കൃഷ്ണന്റെ 75 വര്‍ഷത്തെ സംഗീത സേവനങ്ങളെ അംഗീകരിച്ച് സമ്മേളനത്തില്‍ ആദരിക്കും. 5 ന് രാവിലെ 10 ന് ‘കച്ചേരിധര്മ്മം വഴികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാതസംഗീതസദസ്സ്. തുടര്‍ന്ന് 2 മണിക്ക് ‘കഥകളിസംഗീതത്തിലെ രാഗതാള പ്രയോഗങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കഥകളി സംഗീതജ്ഞന് പത്തിയൂര്‍ ശങ്കരന്‍കുട്ടി സോദാഹരണ പ്രഭാഷണം നടത്തും. 4 മണിക്ക് ‘ശാസ്ത്രവും സംഗീതവും’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ ബയോ ഇന്‍ഫര്‍മാറ്റിക് ഡയറക്ടര്‍ ഡോ. അച്ചുത് ശങ്കര്‍ എസ്. നായര്‍ പവര്‍ പോയിന്റ് പ്രസന്റേഷന് നടത്തും. 5.15 ന് ‘കഥകളിയിലെ വേഷവിധാനവും പ്രയോഗവും’ എന്ന വിഷയത്തില്‍ കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ ശില്പശാല നടക്കും. തുടര്‍ന്ന് നളചരിതം നാലാം ദിവസം അരങ്ങേറും.
ആറിന് രാവിലെ 10 ന് ‘ഹിന്ദുസ്ഥാനി സംഗീതത്തില്‍ വയലിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സുപ്രസിദ്ധ വയലിന് വിദുഷി ഡോ. സംഗീതാ ശങ്കര്‍ (മുംബൈ) സോദാഹരണ പ്രഭാഷണം നടത്തും. 4 മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ‘ചെണ്ടയിലെ വിവിധ പ്രയോഗങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സോദാഹരണ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ 10 ന് നെയ്യാറ്റിന്‍കര വാസുദേവന്റെ ‘ശുദ്ധസംഗീതത്തിന്റെ വഴികള്‍’ എന്ന വിഷയത്തില്‍ ഡോ. ജെ. ശ്രീവത്സന്‍ മേനോന് പ്രഭാഷണം നടത്തും.
സമാപനദിവസമായ 9 ന് രാവിലെ 10.30 ന് ‘ഗുരുശിഷ്യബന്ധം കലാ സ്ഥാപനങ്ങളില്‍ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സിലെ പൂര്‍വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേരുന്നു. തുടര്‍ന്ന് ഗുരുക്കന്മാരെ ആദരിക്കുന്നു. 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരികവകുപ്പുമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കദ്രി ഗോപാല്‍നാഥിന്റെ സാക്സഫോണ് കച്ചേരിക്ക് കുമാരി കന്യാകുമാരി (വയലിന്), കോവിലൂര്‍ കല്യാണസുന്ദരം (തവില്‍), ബാംഗ്ലൂര്‍ രാജശേഖര്‍ (മോര്‍സിംഗ്), ബി.എസ്. പുരുഷോത്തമ (ഗഞ്ചിറ) എന്നിവര്‍ പക്കമേളം ഒരുക്കും.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം. ബാലസുബ്രഹ്മണ്യം, പിടിഎ വൈസ് പ്രസിഡന്റ് ഡോ. താരാകല്യാണ്‍, കെ. സിദ്ധാര്ത്ഥന്, കോളേജ് യൂണിയന് ചെയര്മാന് കിരണ്‍ രാജ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജി. സന്തോഷ്കുമാര്‍, എബ്രഹാം ജോസഫ്, കെ. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: