കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര് മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിലായിരുന്നു അപകടം. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ ഉടന്‍ തന്നെ വിമാനം തീപിടിച്ച് തകരുകയായിരുന്നു.
സിതാ എയര്‍ലൈന്‍സ് സര്‍വീസിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ 16 പേര് വിനോദസഞ്ചാരികളാണ്. മൂന്നു പേര് വിമാനജീവനക്കാരും. വിനോദസഞ്ചാരികളില്‍ അധികവും പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കാഠ്മണ്ഡുവിലെ വിമാനത്താവളത്തില്‍ നിന്ന് എവറസ്റ്റിലേക്കുള്ള ഗേറ്റ്വേ എന്നറിയപ്പെടുന്ന ചെറുനഗരമായ ലുക്ലയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഒരു നദിയുടെ തീരത്താണ് വിമാനം തകര്‍ന്നുവീണത്. നദിയുടെ തീരത്ത് സുരക്ഷിതമായി ഇറക്കാനുള്ള ശ്രമത്തിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
യാത്രക്കാരില്‍ ഇന്ത്യക്കാരുണ്ടോയെന്ന് അറിവായിട്ടില്ല. സൈന്യം രംഗത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: