ഇരിട്ടി: പച്ചക്കറിയെന്ന വ്യാജേന കടത്തിയ വന്‍ സ്ഫോടക വസ്തുശേഖരം ചെക്ക്പോസ്റ്റില്‍ പിടികൂടി. ഇന്ന് രാവിലെ അഞ്ച് മണിയോടെ വില്‍പ്പന നികുതി, എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി.
സ്ഫോടക വസ്തുക്കള്‍ കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്കു കടത്തുന്നതിനിടെയാണ് കീഴല്ലൂര്‍ സ്വദേശികളായ ടി. രഞ്ജിത്ത് (30), സിലു (26) എന്നിവര്‍ പിടിയിലായത്. ഇവരില്‍നിന്നും 300 കിലോ വെടിയുപ്പ് (അമോണിയം നൈട്രേറ്റ്), 10 ചാക്ക് ഡിറ്റണറേറ്റര്, 16 തിരി എന്നിവ പിടികൂടി.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി കൊണ്ടുവരുന്നു എന്ന വ്യാജേനയാണ് ഇവ കടത്തിയത്. മിനി ലോറിയില്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ളവ നിരത്തിയ ശേഷം അവയ്ക്കു മുകളില്‍ പച്ചക്കറികള്‍ വെയ്ക്കുകയായിരുന്നു. കിളിയന്തറ ചെക്ക് പോസ്റ്റ് വഴി സ്ഫോടക നിര്‍മാണ സാമഗ്രികള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും മിനി ലോറിയും എക്സൈസ് അധികൃതര്‍ ഇരിട്ടി പോലീസിനു കൈമാറി. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മാലൂരിലെ ക്വാറികളിലേക്ക് കൊണ്ടുവരികയായിരുന്നു സ്ഫോടകവസ്തുക്കളെന്നു പിടിയിലായവര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: