ബാഗ്ദാദ്: ഇറാക്കിലെ തികൃത് നഗരത്തില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു നൂറിലധികം തടവുകാര്‍ രക്ഷപെട്ടു. തികൃത് ജയിലില്‍ അപ്രതീക്ഷിതമായുണ്ടായ കലാപത്തേത്തുടര്ന്നാണ് തടവുകാര്‍ കൂട്ടത്തോടെ രക്ഷപെട്ടത്. ജയിലിലെ സുരക്ഷാ ഗാര്‍ഡുകളും തടവുകാരും ഏറ്റുമുട്ടിയതായും സംഭവത്തില്‍ നാലു പോലീസുകാരും രണ്ടു തടവുകാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ള തടവുകാരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അല്‍ ഖ്വെയ്ദ അംഗങ്ങളടക്കം 900 പേരെയാണ് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. സുരക്ഷാ ഗാര്‍ഡുകളുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത തടവുകാരും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ജയിലിന്റെ നിയന്ത്രണം പിടിച്ചു. ജയിലിന്റെ പ്രവേശനകവാടം മുതല്‍ നിരീക്ഷണ ടവര്‍ വരെയുള്ള മേഖലകളുടെ നിയന്ത്രണം തീവ്രവാദികളുടെ കൈകളിലാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കൂടുതല്‍ സുരക്ഷാസേന എത്തി ജയില്‍ വളഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ബാഗ്ദാദില്‍ നിന്നു 160 കിലോമീറ്റര്‍ അകലെയാണ് സംഭവം. ജയിലിന്റെ ഒരു ഭാഗം അക്രമികള്‍ സ്ഫോടനത്തില്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഇതുവഴിയാണ് തടവുകാര്‍ രക്ഷപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: