അന്തിക്കാട് (തൃശൂര്‍) : മക്കളെ അച്ഛന് ക്ഷേത്രക്കുളത്തില്‍ എറിഞ്ഞ് കൊന്നു. മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലാണ് അച്ഛന് മങ്ങാട്ടുകര വീട്ടില്‍ സുരു എന്നു വിളിക്കുന്ന സുരേന്ദ്രന് (37) തന്റെ ആറും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ കുളത്തിലെറിഞ്ഞ് കൊന്നത്. വിദ്യാര്‍ത്ഥിയായ ആദിത്യവേണിയും കൃഷ്ണവേണിയുമാണ് പിതാവിന്റെ ക്രൂരതയില്‍ മുങ്ങിമരിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. മക്കളെ എറിഞ്ഞുകൊന്ന സുരേന്ദ്രനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാപ്പ് ജീവനക്കാരിയായ വെള്ളാട്ട് ഗീതയാണ് കുളത്തില്‍ എന്തോ അനങ്ങുന്നത് കണ്ടത് ഉടന്‍ തന്നെ അതുവഴി വന്ന തൊഴിലുറപ്പ് ജീവനക്കാരോടും നാട്ടുകാരോടും വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ ചേണ്ടമംഗലത്ത് രാജേഷ് കുളത്തിലേക്ക് ചാടുകയും കുട്ടിയെ കോരിയെടുക്കുകയായിരുന്നു. രാജേഷിന്റെ കയ്യില്‍ കൃഷ്ണവേണിയെ കിട്ടിയപ്പോള്‍ ജീവന്റെ തുടിപ്പ് കണ്ടതോടെ ഉടന്‍ തന്നെ അന്തിക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് സുരേന്ദ്രന് സുഹൃത്തിനെ മൊബെയിലില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂത്തകുട്ടി ആദിത്യവേണിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മേല്‍നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പിതാവിനെ ഗുരുവായൂരില്‍ നിന്നും പോലീസ് പിടികൂടി.
പുത്തന്‍പീടിക പാദുവ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കണ്ട് രണ്ട് മക്കളെയും കൂട്ടി സുരേന്ദ്രന് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഈ ക്രൂരത നടത്തിയത്. കൊലപാതകത്തിന് സുരേന്ദ്രനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഭാര്യയുടെ അസുഖമാണ് ഈ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്നും പറയുന്നു. മരപ്പണിക്കാരനാണ് സുരേന്ദ്രന്.
കസ്റ്റഡിയിലായ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തുവരുന്നതേയുള്ളു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബിജുഭാസ്കറിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് സിഐ കെ.സി.സേതു, അന്തിക്കാട് എസ്ഐ പ്രേമാനന്ദകൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് ഗുരുവായൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: