ചങ്ങനാശ്ശേരി: ശ്രീനാരായണഗുരുവിനെ ആക്ഷേപിച്ചവര്‍ ആരായാലും അവര്‍ പൊതുമാപ്പ് പറയണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് ശ്രീനാരായണഗുരുവിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് പെരുന്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ നയങ്ങള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി പരിശോധിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാതിമത ശക്തികളുമായി സഹകരിക്കാനുള്ള ശ്രമം അവരുടെ നിലനില്‍പ്പിനുവേണ്ടിയാണെന്നും ന്യൂനപക്ഷ സമുദായങ്ങളെ പാട്ടിലാക്കുന്നതിന് വേണ്ടി സിപിഎം നേരത്തെയും പരിശ്രമിച്ചിട്ടുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സംവരണ വിഷയത്തില്‍ എന്‍എസ്എസ്സിന്റെ നിലപാട് തുടരുക തന്നെ ചെയ്യും. ഹിന്ദുക്കളെ ഒന്നിപ്പിക്കാതിരിക്കുവാന് വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്കുകൂടി സംവരണം നല്‍കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. സംവരണസമുദായങ്ങള്ക്കൊപ്പം മുന്നോക്ക സമുദായത്തില്‍പെട്ട പാവങ്ങള്‍ക്കുകൂടി സംവരണാനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് വേണ്ടത്. ഇതിനുവേണ്ടി എന്‍എസ്എസ് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പുനഃസംഘടനയുടെ കാര്യത്തില്‍ എന്‍എസ്എസ്സും എസ്എന്‍ഡിപിയും ചര്‍ച്ച ചെയ്ത് അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ആരും ആരുടെ പേരും മുന്നോട്ടു വച്ചിട്ടില്ല. ശതാബ്ദിവര്‍ഷത്തില്‍ എന്‍എസ്എസ് സ്ഥാപനങ്ങളുടെ സംരക്ഷണമായിരിക്കും ലക്ഷ്യമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: