കൊച്ചി: പ്രൗഢഗംഭീരമായ വേദിയില്‍ പ്രശസ്ത കവി എസ്.രമേശന് നായരുടെ കാവ്യം ‘ഗുരുപൗര്‍ണ്ണമി’യുടെ പ്രകാശനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദ്യപ്രതി നല്കി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു.
ഋഷിവര്യന്മാരെ നന്നായി ആദരിച്ചിരുന്ന സമൂഹമാണ് നമ്മുടേതെന്നും ലോക സംസ്ക്കാരങ്ങളില് ഭാരത പൈതൃകം എന്നും മുന്നിലാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഭാരത സംസ്ക്കാരത്തില്‍നിന്നും വീണുകിട്ടിയ സംസ്ക്കാരമാണ് മറ്റ് പല രാജ്യങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്ധ്യാത്മികതയും ഭൗതികതയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ച ഋഷിവര്യനാണ് ശ്രീനാരായണ ഗുരുദേവന്. മറ്റ് ഭാരത ഋഷിവര്യന്മാരില്‍നിന്നും ഗുരുദേവനെ വ്യത്യസ്തനാക്കുന്നതും അതാണ്.
ഗുരുദേവ ദര്‍ശനങ്ങള്‍ എല്ലാ ജനഹൃദയങ്ങളിലും ‘ഗുരുപൗര്‍ണ്ണമി’യിലൂടെ എത്തിക്കാന്‍ കഴിയുമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കലൂര്‍ എജെ ഹാളില്‍ നടന്ന പ്രകാശന സമ്മേളനത്തില്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ അധ്യക്ഷത വഹിച്ചു. വിപ്ലവാത്മകമായ നവകേരള സൃഷ്ടിക്ക് ഗുരുദേവദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന് ‘ഗുരുപൗര്‍ണ്ണമി’യെ സദസിന് പരിചയപ്പെടുത്തി. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, സ്വാമി സൂക്ഷ്മാനന്ദ, ജസ്റ്റിസ് കെ.സുകുമാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ ആശംസാ സന്ദേശം ചടങ്ങില്‍ കെ.ജി.വേണുഗോപാല്‍ വായിച്ചു.
ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിതവും ദര്‍ശനങ്ങളും സന്ദേശങ്ങളും അപഗ്രഥനാത്മകമായി ആവിഷ്കരിക്കുന്ന കാവ്യമാണ് ഗുരുപൗര്‍ണ്ണമി. ധന്യത നിറഞ്ഞ പ്രകാശനച്ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ ജസ്റ്റിസ് എം.രാമചന്ദ്രന്, കെ.ജി.ജയന്, ജന്മഭൂമി ചീഫ് എഡിറ്റര്‍ ഹരി എസ്.കര്‍ത്താ, എഡിറ്റര്‍ ലീലാ മേനോന്, പ്രശസ്ത കഥാകൃത്ത് ശ്രീകുമാരി രാമചന്ദ്രന്, മുന്‍മന്ത്രി എം.എ.കുട്ടപ്പന്, ജസ്റ്റിസ് കെ.പത്മനാഭന് നായര്‍, ടി.എസ്.ജഗദീശ്, ഡോ. കെ.കെ.രാഘവവാര്യര്, ഡോ. ഇന്ദിരാരാജന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. അഡ്വ. വക്കം വിശ്വന് സ്വാഗതവും കവി രമേശന് നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: