കൊച്ചി: സമൂഹത്തില്‍ അഴിമതി വളരുന്നതില്‍ ജുഡീഷ്യറിക്കും പ്രധാന പങ്കുണ്ടെന്ന് ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്ഡെ. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടാന്‍ വൈകുന്നതും ഇതിന് ഒരു കാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധാര്മ്മികതയെക്കുറിച്ചുളള സമൂഹത്തിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ എറണാകുളം ലോ കോളേജില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയും ഉദ്യോഗവൃന്ദവും നിയമനിര്‍മ്മാണസഭയും പരാജയപ്പെട്ടതിനാലാണ് ഭരണഘടനാശില്പികള് വിഭാവനം ചെയ്ത രീതിയില്‍ ജനാധിപത്യം നടപ്പിലാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അത്യാഗ്രഹം ജനാധിപത്യം പരാജയപ്പെടാനും അഴിമതി വളരാനും ഇടയാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ അഖിലേന്ത്യാ സര്‍വീസില്‍ ജോലി ചെയ്യുന്നവരടക്കം 797 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് ഈയിടെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ചെറിയൊരു വിഭാഗം യുവജനങ്ങളും വിദ്യാര്‍ഥികളുമാണ് അഴിമതിക്കെതിരെയുളള പോരാട്ടങ്ങളില്‍ പങ്കാളികളാകുന്നെന്ന് സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
അഴിമതി പൂര്‍ണമായും തുടച്ചു നീക്കാനാവില്ല. അഴിമതിക്കെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ കോടതിക്കും പരിമിതികളുണ്ട്. അഴിമതിയെ കുറ്റകൃത്യമായും പാപമായും കണക്കാക്കി ജനങ്ങള്‍ ശക്തമായി പ്രതികരിച്ചാല്‍ മാത്രമേ അഴിമതിക്ക് തടയിടാന്‍ സാധിക്കുകയുളളൂ. രാജ്യത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയല്ല തീരുമാനമെടുക്കുന്നത്. അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. മതം, തത്വചിന്ത എന്ന നിലയില്‍ നിന്നു രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ അഴിമതി വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോ കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്. സരോജ, പ്രൊഫ. മിനി പോള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: